നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ 15ാം സമ്മേളനം ഇന്നാരംഭിക്കും. ഡിസംബര്‍ 17 വരെ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. കെ എം മാണിയുടെ രാജിക്കും തദ്ദേശ തിരഞ്ഞെടുപ്പിനും ശേഷമുള്ള കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ സഭാസമ്മേളനം പ്രക്ഷുബ്ധമാവും. ബാര്‍ കോഴ ഉയര്‍ത്തിക്കാട്ടി സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുമെന്നതിനാല്‍ ആദ്യദിനം തന്നെ നിയമസഭ സ്തംഭിച്ചേക്കും. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നിയമസഭാ മാര്‍ച്ചും ഇന്നു നടക്കും. അതേസമയം, ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതി ഈയാഴ്ച പരിഗണിക്കും. കോടതിയില്‍നിന്നു വീണ്ടും തിരിച്ചടി നേരിട്ടാല്‍ നിയമസഭയില്‍ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലമാവും. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം പ്രതിപക്ഷത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളും സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കും.
11 ദിവസം ചേരുന്ന സഭാസമ്മേളനത്തില്‍ ഒമ്പതു ദിവസവും നിയമനിര്‍മാണമാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്ല്, മലയാളം ഔദ്യോഗിക ഭാഷയാക്കല്‍, റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണം തുടങ്ങിയ സുപ്രധാന ബില്ലുകള്‍ നിയമസഭ പരിഗണിക്കും. ഹോട്ടല്‍ ഭക്ഷണവില ഏകീകരിക്കുന്ന ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കണോയെന്ന് ഇന്നു ചേരുന്ന കാര്യോപദേശകസമിതി തീരുമാനിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ചയാണ്. കോണ്‍ഗ്രസ്സിലെ പാലോട് രവി പുതിയ ഡെപ്യൂട്ടി സ്പീക്കറാവും. അയോഗ്യനാക്കിയതിനാല്‍ പി സി ജോര്‍ജിന് നിയമസഭയില്‍ പങ്കെടുക്കാനാവില്ല. മാണിക്ക് സഭയുടെ മുന്‍നിരയില്‍ പുതിയ ഇരിപ്പിടം നല്‍കും. മാണിയുടെ പഴയ സീറ്റിലേക്ക് കേരളാ കോണ്‍ഗ്രസ്(എം) രണ്ടാംമന്ത്രിയായ പി ജെ ജോസഫ് എത്തും.
Next Story

RELATED STORIES

Share it