kannur local

നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അവലോകന യോഗങ്ങള്‍ ചേരുന്നു

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്താന്‍ യോഗങ്ങള്‍ ചേരുന്നു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് യോഗം. അതതു മണ്ഡലങ്ങളുടെ പരിധിയില്‍ മല്‍സരിച്ച സ്ഥാനാര്‍ത്ഥികളും ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍, മണ്ഡലം-ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ കെപിസിസി, ഡിസിസി ഭാരവാഹികളും സംബന്ധിക്കും.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ചകളെക്കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച എം എം ഹസന്‍ അധ്യക്ഷനായ പ്രത്യേക സമിതി ദിവസങ്ങള്‍ക്കുമുമ്പ് കണ്ണൂരിലെത്തി പ്രവര്‍ത്തകരില്‍നിന്നും സ്ഥാനാര്‍ഥികളില്‍നിന്നും പരാതികള്‍ സ്വീകരിച്ചിരുന്നു. ഇതിനു പുറമെയാണ് അവലോകന യോഗങ്ങള്‍ ചേരാന്‍ ഡിസിസി തീരുമാനിച്ചത്. യോഗങ്ങളിലെ പൊതുവികാരം കെപിസിസിയെ അറിയിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
25നു രാവിലെ 10ന് അഴീക്കോട് കല്ലടത്തോട് നവരത്‌ന ഓഡിറ്റോറിയത്തിലാണ് ആദ്യയോഗം. അന്നേ ദിവസം ഉച്ചയ്ക്കു രണ്ടിന് മട്ടന്നൂര്‍ ലക്ഷ്മി ഹാളില്‍ അവലോകന യോഗം ചേരും. 27നു രാവിലെ 10ന് തലശ്ശേരി, 29നു രാവിലെ 10ന് കൂത്തുപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഓഡിറ്റോറിയം, വൈകീട്ട് മൂന്നിന് പേരാവൂര്‍ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയം, 30നു രാവിലെ 10ന് പഴയങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയം, ഉച്ചയ്ക്ക് രണ്ടിനു ധര്‍മടം ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയം, ഡിസംബര്‍ ഒന്നിനു രാവിലെ 10ന് പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയം എന്നിവിടങ്ങളിലും യോഗം ചേരും.
കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ ബ്ലോക്കടിസ്ഥാനത്തില്‍ അവലോകന യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിന്റെ സാന്നിധ്യത്തില്‍ പിന്നീട് യോഗം ചേരും. തളിപ്പറമ്പിലെ യോഗവും പിന്നീട് നടക്കും.
Next Story

RELATED STORIES

Share it