Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ്: 113 പ്രശ്‌നബാധിത ബൂത്തുകള്‍; വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

പത്തനംതിട്ട: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തുന്നത് സംബന്ധിച്ച് കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു.
ആകെ 892 ബൂത്തുകളില്‍ 113 എണ്ണമാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്ളത്. ബിഎസ്എന്‍എല്‍, കെഎസ്ഇബി, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടവും അക്ഷയയും എന്‍ഐസിയൂം 113 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും. ബൂത്തുകളിലെ നടപടി ക്രമങ്ങളുടെ തത്സമയ ദൃശ്യാവിഷ്‌കാരം നടത്തും.
അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ ധനേഷിനാണ് വെബ്കാസ്റ്റിങിന്റെ ചുമതല. ജില്ലാ ഭരണകൂടവുംകേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ജില്ലയിലെ പോളിങ് ബൂത്തുകളിലെ വെബ്കാസ്റ്റിങ് നടപടികള്‍ നിരീക്ഷിക്കും. എല്ലാ പോളിങ ബൂത്തുകളിലേക്കുമുള്ള വെബ്കാസ്റ്റിങിന് ആവശ്യമായ നെറ്റ്‌വര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നത് ബിഎസ്എന്‍എല്‍ ആണ്. വെബ്കാസ്റ്റിങിന് ആവശ്യമായ ക്യാമറ, ലാപ്പ്‌ടോപ്പ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത് അക്ഷയ സംരംഭകരും.
പോളിങ് ബൂത്തുകളിലെ വെബ്കാസ്റ്റിങ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന കണ്‍ട്രോള്‍റൂം വഴി നിരീക്ഷിക്കും. യോഗത്തില്‍ സബ്.കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഐ അബ്ദുള്‍ സലാം, എന്‍ഐസി ഓഫീസര്‍മാരായ ജിജിജോര്‍ജ്ജ്, ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, അക്ഷയ പ്രോജക്ട് മാനേജര്‍ കെ ധനേഷ്, ബിഎസ്എന്‍എല്‍ എജി എം ഷൈനി സെബാസ്റ്റ്യന്‍, പിഡബ്ലൂഡി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it