നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം ഇറങ്ങാനിരിക്കെ സ്ഥാനാര്‍ഥിനിര്‍ണയത്തിനുള്ള പ്രാഥമിക ചര്‍ച്ചകളിലേക്കു കടന്ന് പ്രമുഖ പാര്‍ട്ടികള്‍. പ്രമുഖ കക്ഷികളെല്ലാം നടത്തിയ രാഷ്ട്രീയയാത്രകള്‍ അവസാനിച്ചതോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തന്ത്രങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമാവും ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യംവഹിക്കുക.
മുന്നണികളിലെ സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ കേന്ദ്രീകരിച്ചാവും നേതാക്കളുടെ അണിയറ ചര്‍ച്ചകള്‍. ഇതിനിടെ വിലപേശലിലൂടെയും മറ്റും പരമാവധി സീറ്റുകള്‍ നേടാനുള്ള തത്രപ്പാടിലാണ് ചെറുകക്ഷികളും ഗ്രൂപ്പ് നേതാക്കളും. കോണ്‍ഗ്രസ്സിന്റെ പ്രാഥമിക സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നാളെ വൈകീട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതൃത്വവുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആര് നയിക്കുമെന്നതു സംബന്ധിച്ചും ഈ യോഗത്തില്‍ തീരുമാനമുണ്ടാവും. ഇതിനുശേഷം യുഡിഎഫിലെ സീറ്റ്‌വിഭജന ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനും ആക്കംകൂടും. സ്ഥാനാര്‍ഥി നിര്‍ണയത്തിന് കെപിസിസി മാനദണ്ഡവും തയ്യാറാക്കും. യുവാക്കള്‍ക്കു പ്രാമുഖ്യം നല്‍കി ജനസ്വാധീനവും ജയസാധ്യതയും ഉള്ളവരെ മാത്രമേ സ്ഥാനാര്‍ഥിയാക്കാവൂ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗങ്ങളില്‍ പൊതുവികാരമുയര്‍ന്നിരുന്നു.
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം കിട്ടാനായി ഓരോ ഗ്രപ്പും തങ്ങളുടെ ആളുകള്‍ക്ക് മല്‍സരിച്ച് സീറ്റ് വാങ്ങിക്കൊടുക്കുന്ന പ്രവണതയും ഇത്തവണ കുറയും. ഏപ്രിലില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്നതു കേരളത്തിലാണ്. എഐസിസി നിര്‍വാഹക സമിതിയംഗം എ കെ ആന്റണിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയം. സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് 24നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. മല്‍സരിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ അന്നുതന്നെ ഏകദേശ ധാരണയുണ്ടാവുമെന്നാണു സൂചന.
എല്‍ഡിഎഫില്‍ സിപിഎമ്മിന് ഉറപ്പായി ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചായിരിക്കും ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുക. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ആലോചനകളും നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ മാര്‍ച്ച് ആദ്യവാരത്തില്‍ സംസ്ഥാനസമിതിയും യോഗം ചേരും. സിപിഐ അടക്കമുള്ള പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ചകളും പിന്നാലെ എല്‍ഡിഎഫ് യോഗവും ചേര്‍ന്ന് സീറ്റ് വിഭജനം ചര്‍ച്ചചെയ്യും.
പ്രമുഖ നേതാക്കളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ബിഡിജെഎസ് ബന്ധം പാളിയതുകാരണം ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്. ബിഡിജെഎസിനെ പൂര്‍ണമായും ഒഴിവാക്കാതെ കൂടെനിര്‍ത്താനാണ് ആര്‍എസ്എസ് നേതൃത്വം പാര്‍ട്ടിക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. മറ്റു കക്ഷികളായ മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികളും ഉടന്‍തന്നെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളിലേക്കു കടക്കും. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു വിജ്ഞാപനം ഇറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ഏകദേശ ധാരണയിലെത്താനുള്ള ശ്രമത്തിലാണ് പ്രമുഖ പാര്‍ട്ടികള്‍.
Next Story

RELATED STORIES

Share it