Kerala Assembly Election

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2.56 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: കേരളത്തി ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നിയന്ത്രിക്കുന്നതിനായി കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 1.5 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി. കേന്ദ്രസേനാ വിഭാഗം കാവലില്ലാത്ത എല്ലാ പോളിങ് ബൂത്തിലും വെബ്കാസ്റ്റിങ്, സിസിടിവി, സൂക്ഷ്മനിരീക്ഷകര്‍ എന്നിവയില്‍ ഏതെങ്കിലുമൊരു സംവിധാനമുണ്ടാവും. കൂടാതെ പ്രശ്‌നമേഖലാ ബൂത്തുകളില്‍ കൂടുതല്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കും.
രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നതിനും നിയമസഭാ മണ്ഡലങ്ങള്‍തോറും ഫഌയിങ് സ്‌ക്വാഡുകള്‍, നിശ്ചല നിരീക്ഷണ സംവിധാനങ്ങള്‍, വീഡിയോ നിരീക്ഷണ സ്‌ക്വാഡുകള്‍, അക്കൗണ്ടിങ് ടീമുകള്‍ എന്നിവ പ്രവര്‍ത്തിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. പെയ്ഡ്‌ന്യൂസ് തടയാന്‍ കര്‍ശന നടപടിയെടുക്കും. മാധ്യമനിരീക്ഷണത്തിനും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് അനുമതി നല്‍കുന്നതിനും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സമിതികള്‍ പ്രവര്‍ത്തിക്കും. എല്ലാ ജില്ലയിലും അഞ്ച് കേന്ദ്ര നിരീക്ഷകരെ വീതം അയക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 14ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയ അന്തിമ വോട്ടര്‍പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,23,26,185 പുരുഷന്‍മാരും 1,33,01,435 സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 12,308 പോളിങ് ബൂത്ത് കേന്ദ്രങ്ങളിലായി 21,498 പോളിങ് ബൂത്തുകളാണുള്ളത്. 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പുതുമയാര്‍ന്ന ചില സംവിധാനങ്ങള്‍ കമ്മീഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്ഥാനാര്‍ഥിക്കും വോട്ടുനല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് രേഖപ്പെടുത്താനുള്ള 'നോട്ടയ്ക്ക് ഇത്തവണ ചിഹ്നമുണ്ടാവും. ഏറ്റവും ഒടുവിലായിരിക്കും നോട്ടയുടെ സ്ഥാനം. വോട്ടിങ് യന്ത്രത്തില്‍ വയ്ക്കുന്ന ബാലറ്റ് പേപ്പറിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തും. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച സ്ലിപ്പ് കമ്മീഷന്‍ നേരിട്ടു നല്‍കും.
എല്ലാ പോളിങ് ബൂത്തിലും ബിഎല്‍ഒമാര്‍ ഇരിക്കുന്ന വോട്ടര്‍ സഹായകേന്ദ്രങ്ങളുണ്ടാവും. അംഗപരിമിതര്‍, കുട്ടികളുമായെത്തുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യുന്നതിനു സൗകര്യമൊരുക്കും. 2006നു ശേഷം നിര്‍മിച്ച ഇസിഐഎല്‍ വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുക. മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളതാണ് ഈ യന്ത്രങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പിനായി 35,946 ബാലറ്റ് യൂനിറ്റുകളും 27,004 കണ്‍ട്രോള്‍ യൂനിറ്റുകളുമാണു സംസ്ഥാനത്തുള്ളത്.
തിരഞ്ഞെടുപ്പ് ഇ- മയമാവും

തിരുവനന്തപുരം: വോട്ടെടുപ്പ് നടപടികള്‍ സുതാര്യമാക്കുന്നതിനും ലളിതമാക്കുന്നതിനും വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണ് വരാന്‍പോവുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും പുതിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാവും. എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നതാവട്ടെ ഐടി മിഷനും. മൂന്ന് പുതിയ സോഫ്റ്റ്‌വെയറുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എല്ലാവിധ അനുമതികളും സമയബന്ധിതമായി നല്‍കുന്നതിനുള്ള ഏകജാലക സംവിധാനമാണ് ഇതില്‍ പ്രധാനം.
ഇ- അനുമതി എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പിനായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് ഇ-വാഹനം സംവിധാനം വഴിയായിരിക്കും. തിരഞ്ഞെടുപ്പ് പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഇ-പരിഹാരമെന്ന സോഫ്റ്റ്‌വെയറും സജ്ജമാവും. വോട്ടെടുപ്പ് പ്രക്രിയ അവലോകനം ചെയ്യുന്നതിനുള്ള പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കും. പോളിങ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ഫോണില്‍നിന്ന് പോളിങ് സാമഗ്രികളുടെ വിതരണം മുതല്‍ പോളിങ് കഴിഞ്ഞശേഷം അവ തിരികെ ഏല്‍പ്പിക്കുന്നതുവരെയുള്ള വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് എസ്എംഎസ് അവലോകന സംവിധാനവും നിലവില്‍ വരും. വോട്ടെടുപ്പുദിവസം വോട്ടിങ് ശതമാന വിവരങ്ങള്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും.
Next Story

RELATED STORIES

Share it