thrissur local

നിയമസഭാ തിരഞ്ഞെടുപ്പ്: വിവിപിഎടി യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുപയോഗിക്കുന്ന യന്ത്രങ്ങളുടെ കൃത്യത വോട്ടറെ ബോധ്യപ്പെടുത്തുന്നതിന് അനുബന്ധമായി തൃശൂര്‍ നിയമസഭാ നിയോജകമണ്ഡലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വോട്ടേഴ്‌സ് വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) യന്ത്രത്തിന്റെ ആദ്യഘട്ടപരിശോധന പൂര്‍ത്തിയാക്കി മോക്ക്‌പോള്‍ നടത്തി.
തൃശൂര്‍ വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള താല്‍ക്കാലിക ഗോഡൗണില്‍ നടന്ന മോക്ക്‌പോളിന് ജില്ലാ കലക്ടര്‍ വി രതീശന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നളിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയാലുടന്‍ യന്ത്രത്തില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ ക്രമ നമ്പര്‍, ചിഹ്നം തുടങ്ങിയ വിശദാംശങ്ങള്‍ വിവിപിഎടി സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നതോടെ താനുദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും.
ഏഴ് സെക്കന്റ് നേരത്തേക്കാണ് ഇവ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക. ഏഴ് സെക്കന്റിന് ശേഷം ഇതിന്റെ പ്രിന്റൗട്ട് വിവിപിഎടി യന്ത്രത്തിലുള്ള പ്രതേ്യക അറയിലേക്ക് മുറിഞ്ഞുവീഴും. വോട്ടര്‍ക്ക് ഈ പ്രിന്റൗട്ട് എടുക്കുവാന്‍ സാധിക്കില്ല. തൃശൂര്‍ നിയോജകമണഡലത്തിലെ 149 പോളിങ് ബൂത്തുകളിലും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപിഎടി യന്ത്രവും ഉണ്ടായിരിക്കും. വിവിപിഎടി യന്ത്രങ്ങളുടെ രണ്ടാംഘട്ട സജ്ജീകരണം ബന്ധപ്പെട്ട വരണാധികാരിയുടെ നേതൃത്വത്തില്‍ പിന്നീട് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it