kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ് : ലീഗിനു തലവേദനയായി തിരുവമ്പാടിയും കൊടുവള്ളിയും

പികെസി മുഹമ്മദ്

താമരശ്ശേരി: മുസ് ലിം ലീഗിനു തലവേദനയായി കൊടുവള്ളിയും തിരുവമ്പാടിയും. മലപ്പുറം ജില്ല കഴിഞ്ഞാല്‍ ലീഗിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന കൊടുവള്ളിയിലാണ് ലീഗിനെ ഏറെ ക്ഷീണിപ്പിക്കുന്നതരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കാരാട്ട് റസ്സാഖാണ് ഇവിടെ ലീഗിന്റെ തലവേദനക്ക് കാരണമെങ്കില്‍ തിരുവമ്പാടിയില്‍ ക്രിസ്ത്യന്‍ വിഭാഗമാണ് രംഗത്തുള്ളത്. എല്ലാ പാര്‍ട്ടിക്കാരേയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള അവസ്ഥ നേതൃത്വം മുഖവിലക്കെടുത്തില്ലെന്ന ആരോപണം അണികള്‍ക്കിടയില്‍നിന്നു തന്നെ ഉയരുന്നുണ്ട്.
കൊടുവള്ളിയില്‍ നിന്നും വിഎം ഉമ്മര്‍ മാസ്റ്ററെ മാറ്റിയത് പാര്‍ട്ടിക്ക് ക്ഷീണമായതായി വിലയിരുത്തുന്നവരാണ് ഏറെയും. സീനിയര്‍ നേതാവായ എം എ റസാഖ് മാസ്റ്റര്‍ക്ക് സീറ്റ് തരപ്പെടുത്താനാണ് ഉമ്മര്‍ മാസ്റ്ററെ മാറ്റിയതെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടിക്ക് ചില്ലറയൊന്നുമല്ല തലവേദനയായത്.
എം എ റസ്സാഖും കാരാട്ടു റസ്സാഖും തമ്മിലുള്ള ഗ്രൂപ്പ് പോര് വിലയിരുത്തുന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് പിഴവു പറ്റിയെന്ന അഭിപ്രായക്കാരാണ് ഏറെയും. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച കാരാട്ട് റസ്സാഖ് സ്വതന്ത്ര വേഷത്തില്‍ ഇവിടെ മല്‍സരിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല. ഇദ്ദേഹത്തിന് എല്‍ഡിഎഫ് അടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ലീഗിന്റെ അഭിമാന പ്രശ്‌നമായി മാറും ഇവിടത്തെ പോരാട്ടം.
അനുരഞ്ജനത്തിനുള്ള സമയം കഴിഞ്ഞു പോയെന്നാണ് കാരാട്ട് റസ്സാഖിനൊപ്പമുള്ളവര്‍ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ വിഎം ഉമ്മര്‍ മാസ്റ്ററെ കൊടുവള്ളിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയും എം എ റസ്സാഖിനെ മറ്റൊരിടത്ത് മല്‍സരിപ്പിക്കുയും വേണമെന്ന ആവശ്യവും ശക്തമാണ്. തിരുവമ്പാടിയിലെ ക്രിസ്ത്യന്‍ വിഭാഗത്തിനെ തണുപ്പിക്കുന്നതിനും ഇത്രയും കാലം തങ്ങള്‍ക്കൊപ്പം നിന്നവരെ അകറ്റാതിരിക്കുന്നതിനും സി മോയിന്‍ കുട്ടിക്ക് ഒരവസരം കൂടി നല്‍കണെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.
മലയോര മേഖലയില്‍സി മോയിന്‍ കുട്ടി വന്‍ വികസനം കാഴ്ചവച്ചത് രാഷ്ടീയത്തിനധീതമായി അംഗീകരിക്കുന്നവരാണ് നാട്ടുകാര്‍. ഇത് യുഡിഎഫിനു വോട്ടാക്കിമാറ്റാന്‍ കഴിയുമെന്നും തിരുവമ്പാടിയുടെ മനസ്സറിയുന്നവര്‍ വ്യക്തമാക്കുന്നു.
ലീഗിലെ അവസ്ഥ കൊടുവള്ളിയിലും തിരുവമ്പാടിയിലും തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.തിരുവമ്പാടി സീറ്റ് കുടിയേറ്റ
കര്‍ഷക ജനതയ്ക്കു നല്‍കാന്‍ യുഡിഎഫ് തയ്യാറാവണമെന്ന്
കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഒരു കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കണമെന്ന താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെയും ആവശ്യം അംഗീകരിക്കാനും മുമ്പ് നല്‍കിയ വാഗ്ദാനം നടപ്പാക്കാനും യുഡിഎഫ് നേതൃത്വം തയ്യാറാവണമെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്ത യോഗം ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ട്, ഭൂനികുതി പട്ടയ പ്രശ്‌നങ്ങള്‍, ജണ്ടകെട്ടി കര്‍ഷകനെ കുടിയിറക്കാനുള്ള നീക്കം, റബര്‍, നാളികേരം തുടങ്ങിയ ഉല്‍പന്നങ്ങളുട വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കത്തെത്തിയ കര്‍ഷകര്‍ക്ക് ഈ നിയോജക മണ്ഡലത്തിലെ മുന്‍ ജനപ്രതിനിധികള്‍ അനുകൂലമായ ശക്തമായ നിലപാട് സ്വീകരിച്ചില്ല എന്ന് യോഗം വിലയിരുത്തി.
കര്‍ഷകന്റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ ശബ്ദമുയര്‍ത്താന്‍ കഴിവും പ്രാപ്തനുമായ ഒരു കര്‍ഷക നേതാവു തന്നെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയാവണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപതയുടെ എല്ലാ നീക്കങ്ങള്‍ക്കും കര്‍ഷക ആക്ഷന്‍ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ കണ്‍വീനര്‍ ഒ ഡി തോമസ് അധ്യക്ഷതവഹിച്ചു.
മുഹമ്മദ് പൂനൂര്‍, കൃഷ്ണന്‍കുട്ടി നായര്‍ ബാലുശ്ശേരി, ആഗസ്തി തിരുവമ്പാടി, സണ്ണി കൂടരഞ്ഞി, തോമസ് ചൊവ്വാറ്റുകുന്നേല്‍, അഹമ്മദ് കൂരിക്കുന്നേല്‍, ഗംഗാധരന്‍ തോരാട്, ദേവസ്യ വയലിട സംസാരിച്ചു.
Next Story

RELATED STORIES

Share it