നിയമസഭാ തിരഞ്ഞെടുപ്പ്: ബിഡിജെഎസുമായി വീണ്ടും ചര്‍ച്ചയ്ക്ക് ബിജെപിയും ആര്‍എസ്എസും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ബിജെപി, സംഘപരിവാര സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ബിഡിജെഎസുമായും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച നടത്തുക.
സംസ്ഥാനത്ത് എത്ര നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ആരെയൊക്കെ മല്‍സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. നേമം, ആറന്‍മുള, കാട്ടാക്കട, മഞ്ചേശ്വരം, കോഴിക്കോട്, എന്നിവടങ്ങളിലാണ് ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന. ഇവിടങ്ങളില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
നേമത്ത് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാലിനെ മല്‍സരിപ്പിക്കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും കുമ്മനം രാജശേഖരന്‍ തന്നെ ഇവിടെ മല്‍സരിക്കണമെന്ന അഭിപ്രായമായിരുന്നു ആര്‍എസ്എസ് ഉയര്‍ത്തിയത്. ആറന്‍മുളയില്‍ എം ടി രമേശും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മല്‍സരിക്കുമെന്നാണ് ഏകദേശ ധാരണ. ഇന്ന് വീണ്ടും സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടക്കും. കരടുപട്ടിക തയ്യാറാക്കി പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും.
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, ദേശീയ സെക്രട്ടറി എച്ച് രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി ഇ ബി മേനോന്‍, പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, പരിവാര പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
ജെഎന്‍യുവിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കാന്‍ സംസ്ഥാന വ്യാപകമായി ദേശഭക്തസംഗമം നടത്തുമെന്ന് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it