kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: ബാലറ്റ് യൂനിറ്റുകള്‍ ക്രമപ്പെടുത്തി

കാസര്‍കോട്: നിയമസഭാ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ബാലറ്റ് യൂനിറ്റുകളുടെ ക്രമീകരണം നടന്നു. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളജ്. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് ബാലറ്റ് യൂനിറ്റുകളുടെ ക്രമീകരണം നടത്തിയത്. കാസര്‍കോട് ഗവ. കോളജില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെയും നെഹ്‌റു കോളജില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടേതുമാണ് ബാലറ്റ് യൂനിറ്റുകളുടെ ക്രമീകരണം നടന്നത്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാലറ്റ് യൂനിറ്റുകള്‍ ക്രമീകരിച്ചത്. ഓരോ ബൂത്തിലും അലോട്ട് ചെയ്ത ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും സ്ഥാനാര്‍ഥികളുടെ ഫോട്ടോയും ചിഹ്നവും പതിച്ച ബാലറ്റ് പതിച്ച് സീല്‍ ചെയ്ത ശേഷം സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചു. തിരഞ്ഞെടുപ്പിന് തലേ ദിവസം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് അവര്‍ക്കനുവദിച്ച ബാലറ്റ് യൂനിറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ബാലറ്റ് യൂനിറ്റുകളുടെ ക്രമീകരണം പരിശോധിക്കാന്‍ കാസര്‍കോട് ഗവ. കോളജില്‍ എത്തിയിരുന്നു. ഓരോ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലും മോക് പോള്‍ നടത്തി കാര്യക്ഷമത പരിശോധിച്ച ശേഷമാണ് ബാലറ്റ് യൂനിറ്റുകള്‍ ക്രമപ്പെടുത്തിയത്.
കേന്ദ്ര നിരീക്ഷകരായ ദേവേശ് ദേവല്‍, മുഹമ്മദ് ഷഫ്കത്ത് കമാല്‍, വരണാധികാരികളായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ഇ ജെ ഗ്രേസി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it