നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്‌ളയിങ് സ്‌ക്വാഡ് വാഹനങ്ങളില്‍ ജിപിഎസ്‌

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിക്രമങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായം തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സൈദി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്താന്‍ നിയോഗിക്കപ്പെട്ട 'ഫ്‌ളയിങ് സ്‌ക്വാഡ്' കൃത്യവിലോപം നടത്തിയാല്‍ അത് ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനുവേണ്ടി എല്ലാ ഫ്‌ളയിങ് സ്‌ക്വാഡ് വാഹനങ്ങളിലും ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനം ഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാഹനങ്ങളുടെ സഞ്ചാരപാത കമ്മീഷന് നിരീക്ഷിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇവരോടൊപ്പം സഞ്ചരിക്കുന്ന കേന്ദ്ര പോലിസ് സേന നിരീക്ഷിക്കും. ഫ്‌ളയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ജനങ്ങള്‍ക്കു പരാതി നല്‍കാനും അവസരമുണ്ടാവുമെന്ന് കമ്മീഷണര്‍ അറിയിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ധൈര്യംപകരാനും അവരുടെ വിശ്വാസ്യത ആര്‍ജിക്കാനും വേണ്ടി കേന്ദ്രസേന റൂട്ട് മാര്‍ച്ചുകള്‍ നടത്തും. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളില്‍ സ്ഥലപരിചയം നേടാന്‍ വേണ്ടി നേരത്തെ തന്നെ കേന്ദ്ര- സംസ്ഥാന സായുധ സേനാംഗങ്ങളെ നിയോഗിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it