Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: പെയ്ഡ് ന്യൂസ്; മാധ്യമ നിരീക്ഷണം ശക്തമാക്കി

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
പെയ്ഡ് ന്യൂസുകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം/സംപ്രേക്ഷണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്ന് മീഡിയ മോനിറ്ററിങ് സെല്‍ പരിശോധിച്ച് വരികയാണ്. എട്ട് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുളളത്.
പത്രങ്ങള്‍, ടിവി ചാനല്‍, റേഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, രാഷ്ട്രീയ കക്ഷികളുമായും സ്ഥാനാര്‍ഥികളുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ ഇവര്‍ നീരിക്ഷിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും.
വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ളതോ പെയ്ഡ് ന്യൂസായോ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേ കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ചിട്ടുളള ജില്ലാ തല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോനിറ്ററിങ് കമ്മിറ്റി പരിശോധിക്കും. പെയ്ഡ് ന്യൂസ് വിഭാഗത്തിലുളള വാര്‍ത്തകളിന്‍മേല്‍ ലേഖകരോടും സ്ഥാനാര്‍ഥികളോടും വിശദീകരണം തേടും. പെയ്ഡ് ന്യൂസാണെന്നു തെളിഞ്ഞാല്‍ പരസ്യമെന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനു റിപോര്‍ട്ട് ചെയ്യും.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തുടര്‍ന്നും റിപോര്‍ട്ട് ചെയ്യുന്ന ലേഖകര്‍ക്കും പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപന അധികാരികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തും.
സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാത്ത പരസ്യങ്ങള്‍ മാധ്യമങ്ങളും സിനിമാ തിയേറ്ററുകളും വഴി സംപ്രേക്ഷണം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it