palakkad local

നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങളും വാര്‍ത്തകളും നിരീക്ഷിക്കാന്‍ ഇലക്ഷന്‍ മീഡിയാസെല്‍ പ്രവര്‍ത്തനം തുടങ്ങി

പാലക്കാട്: പണമോ പാരിതോഷികമോ സ്വീകരിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് വാര്‍ത്തകള്‍, പരസ്യങ്ങള്‍ എന്നിവ നല്‍കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനുള്ള മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി ഓഫിസിന്റെയും ഇലക്ഷന്‍ മീഡിയാസെല്ലിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു.
മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി പത്രം ലഭിച്ച ശേഷമേ സ്ഥാനാര്‍ത്ഥി—കളും പാര്‍ട്ടികളും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാവൂവെന്നു മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) കലക്ടറുടെ ചേമ്പറില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആറ് മാസം തടവോ, 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
തിരഞ്ഞെടുപ്പ ്കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പ്രചാരണത്തിനായി പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കു പുറമെ നവ മാധ്യമങ്ങളായ വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന വാര്‍ത്തകളും, പരസ്യങ്ങളും നിരീക്ഷണ വിധേയമാക്കും. നവമാധ്യമങ്ങളില്‍ എന്തുമാകാമെന്ന സമീപനം ശരിയല്ലെന്നും പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കാരണമാകാവുന്ന ഉള്ളടക്കങ്ങള്‍ വാര്‍ത്തയിലും പരസ്യങ്ങളിലും മറ്റും വരാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് മെസേജ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എംസിഎംസിയുടെ അനുമതി മുന്‍കൂറായി വാങ്ങണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലാണ് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടോ 0491-2505123 എന്ന നമ്പറിലോ ഇലക്ഷന്‍ സെല്ലിലോ അറിയിക്കാം.
പാലക്കാട് ആര്‍ ഡി ഒ ഡോ. റെജില്‍, സമിതി അംഗങ്ങളായ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, മനോരമ ചീഫ് റിപോര്‍ട്ടര്‍ എം പി സുകുമാരന്‍, പി എ ഷാനവാസ്ഖാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it