malappuram local

നിയമസഭാ തിരഞ്ഞെടുപ്പ്: പെയ്ഡ് ന്യൂസുകള്‍ ജില്ലാതല സമിതി നിരീക്ഷിക്കും

മലപ്പുറം: രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ഥികള്‍കോ അനുകൂലമായോ പ്രതികൂലമായോ അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് പണം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു.
ഇത്തരം പെയ്ഡ് ന്യൂസ് പ്രവണതകള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ നല്‍കുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ 2004 മുതല്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍, പരസ്യ രൂപത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും സമ്മതിദായകരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാതല സമിതികള്‍ വിപുലീകരിച്ച് പെയ്ഡ് ന്യൂസും നിരീക്ഷിക്കാന്‍ സംവിധാനമുണ്ടായത്. തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതിന്റെയും തിരഞ്ഞെടുപ്പില്‍ അവിഹിത സ്വാധീനങ്ങള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2010 ജൂണ്‍ എട്ടിന് പെയ്ഡ് ന്യൂസ് നിരീക്ഷിക്കാന്‍ നിര്‍ദേശമിറക്കിയത്. ഒരു സ്ഥാനാര്‍ഥിയേയോ രാഷ്ട്രീയ കക്ഷിയേയോ പ്രകീര്‍ത്തിച്ചോ വിമര്‍ശിച്ചോ തുടര്‍ച്ചയായി വാര്‍ത്തകളും ഫീച്ചറുകളും വരുന്നതും ഇത്തരം വാര്‍ത്തകള്‍ ഒരേ സമയത്ത് വിവിധ മാധ്യമങ്ങളില്‍ കാണുന്നതും പെയ്ഡ് ന്യൂസിന്റെ സൂചനകളായി കണക്കാക്കാം. ഇത്തരം വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റില്‍ മീഡിയാ മോണിറ്ററിങ് സെല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവാണ് നോഡല്‍ ഓഫിസര്‍.
Next Story

RELATED STORIES

Share it