kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം: കലക്ടര്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍ എന്നിവ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളായ തുണി, പേപ്പര്‍ മുതലായവക്കൊണ്ട് നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും സ്വീകരിക്കണം. പുന:ചംക്രമണം ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍, ക്ലോറിനേറ്റഡ് ഫഌക്‌സ് എന്നിവയുടെ വര്‍ദ്ധിച്ച ഉപയോഗം ജില്ല അഭിമുഖീകരിക്കുന്ന പ്രധാന മാലിന്യ പ്രശ്‌നമാണ്. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍, ഫഌൂറാന്‍ തുടങ്ങിയ അര്‍ബുദജന്യമായ വിഷവാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയും മാരകരോഗങ്ങള്‍ക്ക് കാരണവുമാണ്. പിവിസി ഫഌക്‌സുകള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നാല്‍പത് ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനിലയില്‍ ഡീ-ഹൈഡ്രോ ക്ലോറിനേഷന് വിധേയമായി, വിഷരാസ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും അവ ശ്വസിക്കുന്നത് പല തരം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഈ കാരണങ്ങള്‍ക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍പ്പോലും ഉപയോഗിക്കുന്ന പിവിസിയുടെ ഉപയോഗം ഭാഗികമായോ പൂര്‍ണ്ണമായോ നിരോധിച്ചിട്ടുണ്ട്. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ പരമാവധി ഉപയോഗിച്ച് സഹകരിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ഥികളോടും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it