wayanad local

നിയമസഭാ തിരഞ്ഞെടുപ്പ്: പോലിസിന് വേണ്ടി ഓടിയ വാഹനങ്ങള്‍ക്ക് വാടക നല്‍കിയില്ല

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സുരക്ഷയ്ക്കായി ഓടിയ വാഹനങ്ങള്‍ക്ക് വാടക നല്‍കിയില്ലെന്നു പരാതി. റവന്യൂവകുപ്പ് നേരിട്ട് ഏര്‍പ്പാട് ചെയ്ത വാഹനങ്ങള്‍ക്ക് പോളിങിന്റെ തൊട്ടടുത്ത ദിവസം തന്നെ വാടക ലഭിച്ചപ്പോഴാണ് പോലിസ് ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത്. ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലായി 101 ബസ്സുകളും 173 ജീപ്പുകളുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലിസിനു വേണ്ടി ഓടിയത്. മാനന്തവാടിയില്‍ 46 ജീപ്പുകളും 26 ബസ്സുകളുമാണ് ഓടിയത്.
റവന്യൂ ഏര്‍പ്പാട് ചെയ്ത വാഹനങ്ങള്‍ പോളിങിന്റെ തലേദിവസവും പോളിങ് ദിവസവും മാത്രമാണ് ഓടിയത്. എന്നാല്‍, പോലിസ് നിയോഗിച്ച വാഹനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ 10 ദിവസം മുമ്പു മുതല്‍ ഫലപ്രഖ്യാപനം കഴിയുന്നതു വരെ ഡ്യൂട്ടിയിലായിരുന്നു.
ബസ്സുകള്‍ക്ക് ഒരു ദിവസം 100 കിലോമീറ്റര്‍ വരെ ഓടുന്നതിന് 5,000 രൂപയും കൂടുതല്‍ ഓടിയാല്‍ 25 ശതമാനം കൂട്ടി നല്‍കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, 25 രൂപയാണോ എന്ന കൃത്യത ലഭിക്കാത്തതാണ് പണം നല്‍കുന്നതിന് കാലതാമസം നേരിടാന്‍ കാരണമെന്നാണ് വിശദീകരണം. ഒരു ഫോണ്‍ കോളിലൂടെ പരിഹരിക്കാവുന്ന വിഷയം അധികൃതര്‍ അലംഭാവത്തോടെ കൈകാര്യം ചെയ്യുകയാണെന്നും നിത്യവരുമാനക്കാരായ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ടാക്‌സി ഉടമകള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it