Kollam Local

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികകള്‍ വിജ്ഞാപന ദിനമായ നാളെ മുതല്‍ 29 വരെ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ അതത് നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കോ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 30ന് നടക്കും. പത്രികകള്‍ പിന്‍വലിക്കനുള്ള അവസാന തിയ്യതി മെയ് രണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ ഫോം നമ്പര്‍ ബി യിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്കോ നാമനിര്‍ദേശകനോ പത്രിക സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു പത്രികകള്‍ നല്‍കാം.
നാമ നിര്‍ദേശപത്രികക്കൊപ്പം ഫോറം 26 ല്‍ തയ്യാറാക്കിയ രണ്ട് സത്യവാങ്മൂലവും നല്‍കണം.
ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, നോട്ടറി, ഹൈക്കോടതി നിയമിച്ചിട്ടുള്ള കമ്മീഷന്‍ ഓഫ് ഓത്‌സ് മുമ്പാകെ നടത്തിയ സത്യവാങ്മൂലമാണ് നല്‍കേണ്ടത്.
സ്ഥാനാര്‍ഥിയോടൊപ്പം പരമാവധി നാലു പേര്‍ക്ക് വരണാധികാരിയുടെ അല്ലെങ്കില്‍ ഉപവരണാധികാരിയുടെ ഓഫിസില്‍ പ്രവേശിക്കാം.
നോമിനേഷന്‍ ഫോമില്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. സ്ഥാനാര്‍ഥി മറ്റൊരു നിയോജക മണ്ഡലത്തില്‍ നിന്നുള്ളയാളാണെങ്കില്‍ വോട്ടര്‍പട്ടികയുടെ സാക്ഷ്യപ്പൈടുത്തിയ പ്രസക്ത ഭാഗം നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കണം.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് ഒരു നാമനിര്‍ദേശകനും മറ്റുള്ളവര്‍ക്ക് പത്ത് നാമനിര്‍ദേശകരും ഉണ്ടായിരിക്കണം.
നാമനിര്‍ദേശകന്‍ അതേ നിയോജകമണ്ഡലത്തിലെ വോട്ടറായിരിക്കണം.
നോമിനേഷന്‍ ഫീസായി പൊതുവിഭാഗത്തില്‍പെടുന്നവര്‍ 10000 രൂപയും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പെടുന്നവര്‍ 5000 രൂപയും നോമിനേഷനൊപ്പം അടക്കണം. നോമിനേഷന്‍ ഫീസ് 8443 ട്രഷറിയില്‍ ഒടുക്കി ചെലാന്‍ ഹാജരാക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
തിരഞ്ഞെടുപ്പ് സംബന്ധമായ പണമിടപാടുകള്‍ക്കായി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരുദിവസം മുമ്പെങ്കിലും ബാങ്ക് അക്കൗണ്ട് തുറക്കുകയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ അക്കൗണ്ട് നമ്പര്‍ വരണാധികാരിയെ അറിയിക്കുകയും വേണം.
നാമനിര്‍ദേശം ചെയ്യപ്പെടുന്നയാളുടെ രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോകളും (2 ത 2.5 സെ.മി) സ്‌പെസിമെന്‍ സിഗ്നേച്ചറും ഹാജരാക്കണം.
Next Story

RELATED STORIES

Share it