നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ പ്രമുഖര്‍ അരങ്ങിലുണ്ടാവും

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖര്‍ മല്‍സരിക്കുമെന്ന് ഉറപ്പായി. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള ചരടുവലികള്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നു.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്വന്തം തട്ടകമായ മണലൂരില്‍ മല്‍സരിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് പാര്‍ട്ടി തള്ളിക്കളയുന്നില്ല. ലീഡറുടെ മകള്‍ പത്മജ വേണുഗോപാല്‍, മുന്‍ എംപി കെ പി ധനപാലന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍, ഡിസിസി പ്രസിഡന്റ് ഒ അബ്ദുര്‍റഹ്മാന്‍കുട്ടി എന്നിവരുടെയെല്ലാം പേരുകള്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. സിറ്റിങ് എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, തോമസ് ഉണ്ണിയാടന്‍, പി എ മാധവന്‍, എം പി വിന്‍സന്റ് എന്നിവര്‍ വീണ്ടും മല്‍സരിക്കുമെന്ന് ഉറപ്പാണ്.
മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എംഎല്‍എ പദവിയില്‍ തൃശൂര്‍ നഗരത്തില്‍ നിന്നും കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഇത്തവണ അങ്കത്തട്ടിലുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന. കുന്നംകുളത്ത് സിഎംപിയിലെ സിപി ജോണ്‍ തന്നെ മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ദാസന്‍, സി സി ശ്രീകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം അനില്‍ അക്കര, ഡോ. നിജി ജസ്റ്റിന്‍ എന്നിവരെല്ലാം വിവിധ മണ്ഡലങ്ങളില്‍ പരിഗണനാ പട്ടികയിലുണ്ട്. തൃശൂര്‍ മണ്ഡലത്തില്‍നിന്നു മല്‍സരിക്കാനാണ് പത്മജ വേണുഗോപാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
മുന്‍ ചാലക്കുടി എംപി കെ പി ധനപാലന്‍ കൊടുങ്ങല്ലൂര്‍ സീറ്റിനുവേണ്ടിയാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നിന്നു മാറിനിന്നാല്‍ സി എന്‍ ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റാവും.
ഇടതുപക്ഷ മുന്നണിയിലും അസംബ്ലി തിരഞ്ഞെടുപ്പിനു—ള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം മുഖങ്ങള്‍ മാറിനിന്ന് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായം. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ സ്വന്തം തട്ടകമായ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണും മല്‍സര രംഗത്തുണ്ടാവും. മുന്‍ എംഎല്‍എ മുരളി പെരുനെല്ലിക്ക് ഇത്തവണ നറുക്ക് വീഴുമെന്നാണ് അറിയുന്നത്. മൊയ്തീനു പകരം കെ രാധാകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍നിന്നു മാറി ജില്ലാ സെക്രട്ടറിയാവുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സിറ്റിങ് എംഎല്‍എമാരായ സി രവീന്ദ്രനാഥ്, ബി ഡി ദേവസ്സി എന്നിവര്‍ വീണ്ടും മല്‍സരിക്കും. കുന്നംകുളത്ത് പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട ബാബു എം പാലിശ്ശേരിക്ക് സീറ്റ് ലഭിക്കാനിടയില്ല. നാട്ടികയില്‍ ഗീതാ ഗോപിയും മല്‍സരിക്കില്ലെന്നാണ് അറിയുന്നത്. യു പി ജോസഫ്, സാറാമ്മ റോബ്‌സന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രന്‍ എന്നിവര്‍ക്കെല്ലാം സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
നിലവില്‍ 13 സീറ്റുള്ള തൃശൂര്‍ ജില്ലയില്‍ ഏഴു സീറ്റ് ഇടതുപക്ഷത്തിനും ആറു സീറ്റ് യുഡിഎഫിനുമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വലിയ മുന്നേറ്റമാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it