kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ചിത്രം തെളിയുന്നു

കാസര്‍കോട്: ജില്ലയില്‍ തിരഞ്ഞെടുപ്പ് തെളിയുന്നു. മഞ്ചേശ്വരത്തും കാസര്‍കോട്ടും ശക്തമായ ത്രികോണ മല്‍സരത്തില്‍ അരങ്ങൊരുങ്ങി. മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖ് യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ ഇദ്ദേഹത്തെ നേരിടുന്നത് മുന്‍ എംഎല്‍എ സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു, ബിജെപിയിലെ കെ സുരേന്ദ്രന്‍ എന്നിവരാണ്. കഴിഞ്ഞ തവണ 5528 വോട്ടിനാണ് അബ്ദുര്‍റസാഖ് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
കാസര്‍കോട് സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് വീണ്ടും മല്‍സരിക്കുമ്പോള്‍ ബിജെപിയിലെ രവീശതന്ത്രി കുണ്ടാറും ഐഎന്‍എല്‍-എല്‍ഡിഎഫിലെ ഡോ. എ എ അമീനുമാണ് നേരിടുന്നത്. ഉദുമയില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ വീണ്ടും മല്‍സരിക്കുമ്പോള്‍ മുന്‍മന്ത്രിയും മുന്‍ എംപിയുമായ കെ സുധാകരനാണ് യുഡിഎഫ് ടിക്കറ്റില്‍ ഇദ്ദേഹത്തെ നേരിടുന്നത്. കാഞ്ഞങ്ങാട് സിറ്റിങ് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിക്കുമ്പോ ള്‍ യുഡിഎഫില്‍ സ്ഥാനാര്‍ഥി യെ ചൊ ല്ലി അവ്യക്തത തുടരുന്നു. തൃക്കരിപ്പൂരില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാലിനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനാണ്. ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. കാസര്‍കോടും മഞ്ചേശ്വരവും. നിലവില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് തള്ളിയാണ് കുമ്മനംരാജശേഖരന്‍ കാസര്‍കോട്ട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ഇത് ബിജെപിയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്തും കഴിഞ്ഞ തവണ മല്‍സരിച്ച കെ സുരേന്ദ്രനെ തന്നെയാണ് സ്ഥാനാര്‍ഥിയാക്കിയത്. പ്രാദേശിക നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കി കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നത് അണികളിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പിഡിപി കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്ഡിപിഐക്ക് പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുണ്ട്. തൃക്കരിപ്പൂരില്‍ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മല്‍സര രംഗത്തുണ്ട്. കെ സുധാകരന്റെ വരവോടെ ഉദുമ വിഐപി മണ്ഡലമായി മാറുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം അംഗങ്ങള്‍ മാത്രം ജയിക്കുന്ന ഈ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് ഉദുമയിലെത്തുന്നത്. ബിജെപി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it