wayanad local

നിയമസഭാ തിരഞ്ഞെടുപ്പ്: കല്‍പ്പറ്റയില്‍ സി കെ ശശീന്ദ്രന്‍ മല്‍സരിച്ചേക്കും

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ തന്നെ മല്‍സരിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞു. ഇതിന് സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാണിച്ചുവെന്നാണ് എല്‍ ഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയരുന്നതിന് മുന്‍പ് തന്നെ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി കെ ശശീന്ദ്രന്റെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍, ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട തൊഴിലാളി നേതാവും മുന്‍ എം.എല്‍.എ യും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തെത്തി.
ഇതോടെയാണ് ശശീന്ദ്രനെ ഏക പക്ഷീയമായി തീരുമാനിക്കാനുള്ള നീക്കം പ്രതിസന്ധിയിലായത്. അതിനിടെ, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സി കെ ശശീന്ദ്രന് അനുകൂലമായ തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെട്ടവരില്‍ സി കെ ശശീന്ദ്രന് തന്നെയായിരുന്നു ഭൂരിപക്ഷം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റും സി കെ ശശീന്ദ്രനെയാണ് പിന്തുണച്ചത്. മണ്ഡലത്തിലെ ലോക്കല്‍ കമ്മിറ്റികളുടെ തീരുമാനവും സി കെ ശശീന്ദ്രന് അനുകൂലമാണ്. ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ പിന്തുണയും സി കെ ശശീന്ദ്രനാണ്. ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഘടക കക്ഷികള്‍ സി കെ ശശീന്ദ്രന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച ലിസ്റ്റില്‍ ചര്‍ച്ച നടക്കും. 16ന് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.
ഇതില്‍ സംസ്ഥാനസമിതി അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കും. വ്യക്തമായ സ്ഥാനാര്‍ത്ഥി പാനല്‍ അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തയ്യാറാക്കുക. നേരത്തെ, വി എസ് പക്ഷക്കാരനായിരുന്ന സി കെ ശശീന്ദ്രന്‍ പിന്നീട് ഔദ്യോഗിക പക്ഷത്തോട് അടുക്കുകയായിരുന്നു. അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സി കെ ശശീന്ദ്രന്‍ തന്നെയാവും കല്‍പ്പറ്റ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
Next Story

RELATED STORIES

Share it