ernakulam local

നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

കാക്കനാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കലക്ടറേറ്റില്‍ ആരംഭിച്ചു. പോളിങ് ബൂത്തുകളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ റിപോര്‍ട് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി.
ഇവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ ബൂത്തുകളുടെ അടിസ്ഥാന, അപര്യാപ്തതകള്‍ അടക്കമുള്ള വിവരങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്റെ ഡിജിറ്റല്‍ ജില്ലാ ഇലക്ഷന്‍ മാസ്റ്റര്‍ പ്ലാനില്‍(ഡെമ്പ്-ഡിസ്ട്രിക്ട് ഇലക്ഷന്‍ മാസ്റ്റര്‍പ്ലാന്‍) ഉടന്‍ അപ് ലോഡ് ചെയ്യും. 2027 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ക്രമീകരിക്കുന്നത്.
തിരഞ്ഞെടുപ്പു നടത്തിപ്പിനു സഹായകരമായ മൊബൈല്‍ ആപ്പിന് താമസിയാതെ രൂപം നല്‍കും. ഒരോ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പു വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനവും പൂര്‍ത്തിയായി. ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി സൗകര്യം ഇല്ലാത്തവ പ്രത്യേകം റിപോര്‍ട്ട് ചെയ്യാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനുള്ള സ്വീപ് ബോധവല്‍ക്കരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ പുതിയ വോട്ടര്‍പട്ടികയില്‍നിന്ന് ജില്ലയിലെ അരലക്ഷം വോട്ടര്‍മാര്‍ പുറത്തായിട്ടുണ്ട്. കാല്‍ ലക്ഷം പേര്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 55,169 പേരാണ് പരിശോധനയ്‌ക്കൊടുവില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, ഇരിട്ടിപ്പ് എന്നീ കാരണങ്ങളാലാണ് ഇത്രയും പേരുകള്‍ ഒഴിവാക്കിയത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കപ്പെട്ടത് ആലുവ മണ്ഡലത്തില്‍ നിന്നാണ്. 5662പേര്‍. കുറവ് കളമശ്ശേരിയില്‍നിന്നും 1995 പേര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പിറവം മണ്ഡലത്തിലാണ്. 1,97,100 പേര്‍, കുറവ് എറണാകുളം മണ്ഡലത്തിലും 1,50,583 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് എല്ലാ മണ്ഡലത്തിലും കൂടുതലുള്ളത്. ജില്ലയില്‍ 12,36,681 സ്ത്രീ വോട്ടര്‍മാരും 11,89,681 പുരുഷ വോട്ടര്‍മാരുമാണുള്ളത്.
Next Story

RELATED STORIES

Share it