Idukki local

നിയമസഭാ തിരഞ്ഞെടുപ്പ് : ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം വേണം

തൊടുപുഴ: ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാധാരണ ജീവിതത്തിന് തടസ്സം സൃഷ്ടിക്കത്തക്ക വിധത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.
സമയപരിധിയ്ക്കപ്പുറത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
വാഹനങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരും മറ്റ് രേഖകളും ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം.
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉച്ചഭാഷിണികള്‍ ഉപയോഗിക്കതുന്നതിനു മുമ്പ് അതത് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പോലീസ് അധികൃതര്‍ക്കും പ്രചരണ പരിപാടിയെക്കുറിച്ച് വ്യക്തമായ രൂപരേഖ മുന്‍കൂട്ടി നല്‍കി അനുവാദം വാങ്ങിയിരിക്കണം.
ഉച്ചഭാഷിണികളുടെ ഉപയോഗം കൃത്യമായ മാനദണ്ഡങ്ങളോടെയാണോ പാലിയ്ക്കുന്നത് എന്ന് പോലീസ് അധികൃതര്‍ ഉറപ്പുവരുത്തും. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെയാണ് ഉച്ചഭാഷിണികള്‍ വഴിയുള്ള പ്രചാരണത്തിന് അനുമതി.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് ശബ്ദമലിനീകരണം, പൊതുജനങ്ങളുടെ സുഗമമായ ജീവിതത്തിന് തടസ്സം സൃഷ്ടിയ്ക്കല്‍ തുടങ്ങിയവ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉച്ചഭാഷിണികളുടെ ഉപയോഗത്തെ സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവേളയില്‍ അവര്‍ക്ക് നല്‍കുന്നതിനോടൊപ്പം അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നല്‍കും.
Next Story

RELATED STORIES

Share it