Districts

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും

ടോമി മാത്യു

കൊച്ചി: ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മന്ത്രി കെ എം മാണിയെ രാജി വയ്പിക്കാന്‍ മു ന്‍കൈ എടുത്ത കോണ്‍ഗ്രസ്സിനെതിരേ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ വന്‍ പ്രതിഷേധം. മാണിയെ മാത്രം രാജിവയ്പിച്ച് കോണ്‍ഗ്രസ്സിനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. കോണ്‍ഗ്രസ്സിലെ ആരോപണവിധേയനായ മന്ത്രിയും രാജിവച്ചില്ലെങ്കി ല്‍ കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞുകൊണ്ട് യുഡിഎഫ് വിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന വികാരം മാണി ഗ്രൂപ്പില്‍ ശക്തമാവുന്നു.
ബാര്‍ കോഴ ആരോപണത്തി ല്‍ കെ എം മാണി മാത്രം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും കേരള കോണ്‍ഗ്രസ്സിനെ ഒതുക്കുകയെന്ന ദീര്‍ഘകാലമായുള്ള കോ ണ്‍ഗ്രസ്സിന്റെ അജണ്ടയാണ് മാണിയുടെ രാജിയിലൂടെ നടപ്പായതെന്നുമാണ് മാണിയെ അനൂകൂലിക്കുന്ന നേതാക്കളുടെ അഭിപ്രായം. പരസ്യമായി കോണ്‍ഗ്രസ്സിന്റെ പേര് എടുത്തു പറയുന്നില്ലെങ്കിലും ഇത് തന്നെയാണ് കെ എം മാണിയുടെയും നിലപാട്.
കിട്ടേണ്ട സ്ഥലത്ത് നിന്നും തനിക്ക് നീതി കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും കോണ്‍ഗ്രസ്സിനെ ഉദ്ദേശിച്ചു തന്നെയാണെന്ന് വ്യക്തമാണ്. ഇന്നലെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തി ല്‍ താന്‍ നേരിട്ടു പണം വാങ്ങിയെന്ന് മൊഴിയില്ലെന്നും എന്നാ ല്‍, മറ്റുപലരുടെയും കാര്യത്തി ല്‍ അതല്ലെന്നുമാണ് കെ എം മാണി പറഞ്ഞത്. ഇതില്‍തന്നെ കെ എം മാണിയുടെ പ്രതിഷേധം വ്യക്തമാണ്.
കെ എം മാണിക്കെതിരേ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ ബാബുവിനെതിരേ ഇതിനെക്കാള്‍ ശക്തമായ ആരോപണം ഉയര്‍ന്നിട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് മാണിവിഭാഗത്തിന്റെ ചോദ്യം. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ വിജിലന്‍സ് വകുപ്പ് ഹൈക്കോടതിയില്‍ പോയതിലും മാണിക്കും അനുയായികള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. വിജിലന്‍സ് ഹൈക്കോടതിയെ സമീപിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് മാണിയുടെയും അദ്ദേഹത്തിനോട് അടുത്തു നില്‍ക്കുന്നവരുടെയും നിലപാട്.
മാണിയെ രാജി വയ്പിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ മുഖം രക്ഷിച്ചുവെന്ന് കോണ്‍ഗ്രസ് ആശ്വാസം കൊള്ളുമ്പോള്‍ എല്ലാ പാപഭാരവും മാണിയുടെ തോളില്‍ മാത്രം ഏറ്റിക്കൊണ്ട് കേരള കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാക്കി. മാണിയെക്കാള്‍ മുമ്പേ രാജിവയ്‌ക്കേണ്ടവര്‍ നല്ല പിള്ള ചമഞ്ഞു സുഖിക്കുന്നു. ഇത് അനുവദിക്കരുതെന്നുമാണ് മാണിയുടെ ഏറ്റവും അടുത്തു നില്‍ക്കുന്നവരുടെ വികാരം.
കെ എം മാണിയെ അനുനയിപ്പിക്കാന്‍ രാജിവച്ചതിന്റെ അടുത്ത ദിവസം മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കെ ബാബുവും അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോഴും തന്റെ നീരസം ഇവരെ ധരിപ്പിച്ചതായാണ് സൂചന. മാണിയെ അനുനയിപ്പിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയാണ് കോണ്‍ഗ്രസ് മധ്യസ്ഥനായി നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും തമ്മിലുള്ള സൗഹൃദമാണ് കോണ്‍ഗ്രസ്സിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പി കെ കുഞ്ഞാലിക്കുട്ടിക്കും വ്യക്തമായ രീതിയിലുളള ഉറപ്പ് നല്‍കാന്‍ കെ എം മാണി തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
കേരള കോണ്‍ഗ്രസ്സിലെ ജോസഫ് ഗ്രൂപ്പിനെ പൂര്‍ണമായും കൂടെ നിര്‍ത്താന്‍ കെ എം മാണിക്കു കഴിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോള്‍ കടുത്ത തീരുമാനം എടുക്കുന്നതില്‍ നിന്നും മാണിയെ പിന്തിരിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ യുഡിഎഫ് രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബാ ര്‍ കോഴ ആരോപണത്തിന്റെ പേരില്‍ മന്ത്രിസഭയിലെ രാജി മാണിയില്‍ മാത്രം ഒതുങ്ങിയാല്‍ കെ എം മാണി അടങ്ങിയിരിക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it