kasaragod local

നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 799 ബൂത്തുകളിലേക്കായി 9160 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ഡാറ്റാ ബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇ-പോസ്റ്റിങ് വഴി റാന്‍ഡമേഷന്‍ നടത്തി ഇവരെ ഓരോ ബൂത്തുകളിലേക്കും നിയമിക്കും. ഇവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം 18 മുതല്‍ 22 വരെ നടക്കും. പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമയി 14ന് പ്രഖ്യാപിച്ച വോട്ടര്‍ലിസ്റ്റില്‍ 1507 സര്‍വീസ് വോട്ടര്‍മാരും 992 ഓവര്‍സീസ് വോട്ടര്‍മാരടക്കം 9,78,030 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 47,4912 പുരുഷവോട്ടര്‍മാരും 50,3118 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലിനെ തുടര്‍ന്ന് 27,293 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ 7511 വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടിക ശുദ്ധീകരണ നടപടിയുടെ ഭാഗമായി 4348 പേരുകള്‍ നീക്കം ചെയ്തിട്ടു—ണ്ട്.
ജില്ലയ്ക്ക് ആവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇവരുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി കലക്‌ട്രേറ്റിലെ വെയര്‍ ഹൗസില്‍ പോലിസ് കാവലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളായ റാംപ്, കുടിവെള്ളം, വൈദ്യുതി, ടോയ്‌ലെറ്റ്, വീല്‍ചെയര്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
റാംപ് ഇല്ലാത്ത സ്ഥലങ്ങളില്‍ റാംപ് നിര്‍മിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ബൂത്തു ഒരുക്കിയിട്ടുള്ള അഞ്ച് ക്ലബ്ബുകളില്‍ റാംപും ടോയ്‌ലെറ്റും നിലവിലില്ല. ടോയ്‌ലെറ്റ് നിര്‍മിക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമല്ലാത്ത 16 ബൂത്തുകളില്‍ കുടിവെള്ളമൊരുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 25 സ്ത്രീ സൗഹൃദ പൊളിങ് സ്റ്റേഷനുകള്‍ ഒരുക്കും. ഇതില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പോലിസും സ്ത്രീകളായിരിക്കും. ഇതിന് പുറമേ 50 ഓളം മോഡല്‍ പോളിങ് ബൂത്തും ഒരുക്കും.
സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനും അനധികൃത പണമിടപാടുകള്‍, മദ്യകടത്തുകള്‍ എന്നിവ തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 15 ഫഌയിങ് സ്‌ക്വാഡുകള്‍, 15 സ്റ്റാറ്റിക്‌സ് സര്‍വ്വയലന്‍സ് ടീമുകള്‍, പത്ത് വീഡിയോ സര്‍വ്വയലന്‍സ് ടീമുകള്‍ എന്നിവ രുപീകരിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നോട്ടീസ്, കൊടി, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ അതാത് പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നും നീക്കം ചെയ്യാത്തവ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു വരുന്നുണ്ട്. ഇത്തരത്തില്‍ ഇതുവരെയായി 15,000 നോട്ടീസുകളും 12,000 ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്.
ജില്ലയില്‍ 356 പ്രശ്‌ന ബാധിത ബൂത്തുകളുണ്ടെന്നാണ് കണക്ക്. 45 അതീവ പ്രശ്‌ന ബാധിത ബൂത്തും 66 സംഘര്‍ഷ സാധ്യതയുള്ള പോളിങ് സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധനത്തിനായി സംസ്ഥാന പോലിസിന് പുറമേ രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി അന്യ സംസ്ഥാന പോലിസ് സേനയെയും വിന്യസിക്കും. 261 പോളിങ് ബൂത്തുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. 192 ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയമിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
പോളിങ് ശതമാനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഇതിനായി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പോസ്റ്റര്‍ പ്രചാരണം, നോട്ടീസ് വിതരണം, സിനിമ താരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണം, സൈന്‍വാള്‍ കാംപയിന്‍ എന്നിവ നടത്തി വരുന്നതായും കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തതിനായി വോട്ടുവണ്ടി, കേന്ദ്രങ്ങള്‍, തെരുവ് നാടകങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെടി ശേഖരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് ജില്ലാ ഓഫിസര്‍ വി എസ് അനില്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it