നിയമസഭാവളപ്പില്‍ തെങ്ങിനു മുകളില്‍ തൊഴിലാളിയുടെ നിരാഹാരസമരം

തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങില്‍ക്കയറി തെങ്ങുകയറ്റത്തൊഴിലാളിയുടെ നിരാഹാര സത്യഗ്രഹം. ഇന്നലെ രാവിലെ 11.45ഓടെയാണ് നിയമസഭാ വളപ്പില്‍ അസാധാരണ സമരം അരങ്ങേറിയത്. കേരള തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ സംസ്ഥാന ട്രഷറര്‍ ടി സുധീര്‍കുമാറാണ് തെങ്ങിനുമുകളില്‍ കയറി മുദ്രാവാക്യം വിളിച്ചത്.
സി കെ നാണു എംഎല്‍എ അനുവദിച്ച പാസുമായി സഭാവളപ്പില്‍ കടന്ന സുധീര്‍ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള മതിലിനു സമീപത്തെ തെങ്ങില്‍ കയറിപ്പറ്റുകയായിരുന്നു. വിവരമറിഞ്ഞ് വാച്ച് ആന്റ് വാര്‍ഡ് സ്ഥലത്തെത്തിയെങ്കിലും സുധീര്‍ തെങ്ങിന്റെ മുകളിലിരുന്ന് മുദ്രാവാക്യം വിളി ആരംഭിച്ചു. തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ധതൊഴിലാളികളായി അംഗീകരിക്കുക, 55 വയസ്സു കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും 2,000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, ജോലിക്കിടെയുള്ള അപകടമരണത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രി സ്ഥലത്തെത്തി നേതാക്കളോട് ചര്‍ച്ച നടത്തണമെന്നു സുധീര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടില്‍ സുധീര്‍ ഉറച്ചുനിന്നു. ഇതിനിടെ സേഫ്റ്റി ബെഡ് ഇട്ട് സുരക്ഷയൊരുക്കാനുള്ള അഗ്നിശമനസേയുടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ പോലിസ് തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ നേതാക്കളെ തേടിപ്പിടിച്ച് സഭയ്ക്കുള്ളിലെത്തിച്ചു. ഇവര്‍ സുധീറിനെ കണ്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പോവുന്ന വിവരം ധരിപ്പിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കുകയല്ലെന്നും ആവശ്യം നേടിയെടുക്കാന്‍ സമാധാനപരമായ സമരമാണ് നടത്തുന്നതെന്നുമായിരുന്നു യൂനിയന്‍ നേതാക്കളുടെ പ്രതികരണം. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചര്‍ച്ചയ്ക്കു ശേഷം നേതാക്കള്‍ അറിയിച്ചു. താഴെയെത്തിയ സുധീറിനെ മ്യൂസിയം പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് സുഹൃത്തിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it