Flash News

നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
X
niyamasabha

[related] 14ാം നിയമസഭയിലെ 140അംഗങ്ങളും സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു.
പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ്മയുടെ മുന്‍പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ആദ്യമായി മുസ് ലിം ലീഗിലെ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് സത്യപ്രതിജ്ഞ ചെയ്തത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അദ്ദേഹം. തുടര്‍ന്ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം അംഗം കെവി അബ്ദുല്‍ ഖാദറും കുറ്റിയാടിയില്‍ നിന്നുള്ള പാറക്കല്‍ അബ്ദുള്ളയും സത്യ പ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യ പ്രതിജ്ഞ നടക്കുന്നത്. 140 അംഗ നിയമസഭയില്‍ 44 പുതുമുഖങ്ങളും 8വനിതകളുമുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള പിബി അബ്ദുല്‍ റസാഖ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എറണാകുളത്തുനിന്നുള്ള കോണ്‍ഗ്രസ്സിലെ ഹൈബി ഈഡനും വട്ടിയൂര്‍കാവില്‍ നിന്നുള്ള കെ മുരളീധരനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ എടുത്തത്.
ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അള്ളാഹുവിന്റെ നാമത്തിലും രണ്ടാമതായി  കെവി അബ്ദുല്‍ ഖാദര്‍ സഗൗരവവും പ്രതിജ്ഞ എടുത്തു. മൂന്നാമതായി പാറക്കല്‍ അബ്ദുള്ളയും തുടര്‍ന്ന്  മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എസ്ഡിപിഐ പിന്തുണയോടെ മല്‍സരിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ പിസി ജോര്‍ജ് സഗൗരവം ദൈവത്തിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ എടുത്തത്. അറുപതാമനായി കെഎം മാണിയും തുടര്‍ന്ന് ഉടുമ്പന്‍ചോലയില്‍ നിന്നുള്ള സിപിഎം അംഗം എംഎം മണിയും പ്രതിജ്ഞ എടുത്തു. 76ാമനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

137ാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവം എംഎല്‍എ ആയി പ്രതിജ്ഞ എടുത്തു. അവസാനമായി കോവളം മണ്ഡലത്തില്‍ നിന്ന് വിജയിച്ച എം വിന്‍സന്റാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒമ്പത് മണിക്ക് ആരംഭിച്ച ചടങ്ങ് 11.30ഓടെ അവസാനിച്ചു.

Next Story

RELATED STORIES

Share it