നിയമസഭയില്‍ മാണിയുടെ സീറ്റില്‍ മാറ്റമുണ്ടാവും

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ കെ എം മാണിയുടെ ഇരിപ്പിടത്തില്‍ മാറ്റമുണ്ടാവുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിലെ മറ്റേതെങ്കിലും മന്ത്രിയാവും ആ സീറ്റില്‍ ഉണ്ടാവുകയെന്നും സ്പീക്കര്‍ അറിയിച്ചു.
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ ഉണ്ടായ സംഭവവികാസങ്ങളെ നിസ്സാരമായി കാണുന്നില്ലെന്നും ഇക്കാര്യത്തില്‍ ഗൗരവമായ നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പും ശേഷവുമുണ്ടായ സംഭവങ്ങളെ രണ്ടായാണ് കാണുന്നത്.
സഭ സമ്മേളിക്കുന്നതിനു മുമ്പുണ്ടായ അതിക്രമങ്ങള്‍ക്ക് നിയമസഭയുടെ പരിരക്ഷ ലഭിക്കില്ല. അതുകൊണ്ട് പൊതുമുതല്‍ നശിപ്പിച്ചതിനെതിരേ അന്നുതന്നെ നിയമസഭാ സെക്രട്ടേറിയറ്റ് പോലിസിനു പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പൊതുമുതല്‍ നശിപ്പിച്ചതിനു വ്യക്തമായ തെളിവുകളുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭയിലെത്തുന്ന ജനപ്രതിനിധികളെ നിയമം മൂലം നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമസഭയുടെയും ഉന്നതമായ സ്ഥാനത്തിന്റെയും വലുപ്പം മനസ്സിലാക്കി രാഷ്ട്രീയ നേതൃത്വവും അംഗങ്ങളും ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it