Editorial

നിയമമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു

രാജ്യത്തെങ്ങും ഭീകര കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി മുസ്‌ലിം യുവാക്കളെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കുന്നുവെന്നും ഇതിന് അറുതിവരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ വ്യക്തമാക്കുന്നു. ഈ പ്രഖ്യാപനം വന്നത് അപ്രതീക്ഷിത കേന്ദ്രത്തില്‍നിന്നാണെങ്കിലും തീര്‍ത്തും സ്വാഗതാര്‍ഹമാണ്. ഒരു തെളിവും കൂടാതെ പിടികൂടി തുറുങ്കിലടയ്ക്കുന്ന യുവാക്കളുടെ പേരില്‍ കുറ്റംചാര്‍ത്തി പുതിയ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നത് ചില നിയമപാലകര്‍ക്ക് വെറും വിനോദം മാത്രം. ഏറെനാള്‍ തടവില്‍ ചെലവഴിക്കേണ്ടിവന്നശേഷം വിചാരണാവേളയില്‍ തെളിവുകളില്ലാതെ കോടതി കുറ്റവിമുക്തരാക്കുന്ന യുവാക്കളുടെ അനുഭവം ദുഃഖകരമാണെന്ന് തുറന്നുപറയാന്‍ വൈകിയാണെങ്കിലും തയ്യാറായ കേന്ദ്ര നിയമവകുപ്പ് മന്ത്രിയെ അഭിനന്ദിക്കണം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ പരിഷ്‌കരണം വരുത്തുന്നതിനായി നിയമകമ്മീഷന്‍ നടപടി സ്വീകരിക്കുന്നതായി കൂടി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ജാമ്യം, വിചാരണ, കാലതാമസം എന്നിവയില്‍ സമയോചിതമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സുപ്രിംകോടതി ജഡ്ജിയുടെ സാരഥ്യത്തിലുള്ള സമിതിയാണ് നിയമപരിഷ്‌കരണത്തെക്കുറിച്ച റിപോര്‍ട്ട് സമര്‍പ്പിക്കുകയെന്നും അദ്ദേഹം പറയുന്നു.
ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലാവുകയും പിന്നീട് തെളിവില്ലാതെ മോചിതരാക്കപ്പെടുകയും ചെയ്യുന്ന മുസ്‌ലിം യുവാക്കള്‍ അനവധിയാണ്. 23 വര്‍ഷം തടവില്‍ കഴിച്ചുകൂട്ടേണ്ടിവന്ന കര്‍ണാടക സ്വദേശി നിസാറുദ്ദീന്‍ അഹ്മദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അനുഭവസത്യങ്ങള്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരെ ഞെട്ടിക്കുന്നു. എനിക്ക് നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ചുതരും എന്ന നിസാറുദ്ദീന്‍ അഹ്മദിന്റെ ചോദ്യം ഇന്ത്യയുടെ ജനാധിപത്യ-മതേതര സംവിധാനത്തിനു നേരെയാണ് മുഴങ്ങുന്നത്.
10ഉം 15ഉം വര്‍ഷം ജയിലില്‍ കിടന്നശേഷം ആരോരുമില്ലാതെ നിസ്സഹായരായ അനേകം ചെറുപ്പക്കാര്‍ ഇന്ത്യയിലുണ്ട്.
തെളിവുകളില്ലാതെ വിട്ടയക്കപ്പെടുന്നവര്‍ മാത്രമല്ല, യുഎപിഎ, അഫ്‌സ്പ തുടങ്ങിയ കരിനിയമങ്ങളിലെ മനുഷ്യത്വവിരുദ്ധമായ വകുപ്പുകള്‍ ഉപയോഗപ്പെടുത്തി പോലിസ് നിര്‍മിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരവധിപേരെ ക്രൂരമായി വര്‍ഷങ്ങളോളം നീണ്ട കഠിനതടവിന് ശിക്ഷിച്ച അനുഭവങ്ങള്‍ ധാരാളമാണ്.
മതേതര കക്ഷികളുടെ ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ നേതാവ് യാഥാര്‍ഥ്യബോധത്തോടെയാണ് സംസാരിക്കുന്നത് എന്നു കരുതാം. അതിനാല്‍ തന്നെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ വാഗ്ദാനം അവിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലം ഈ പ്രസംഗത്തിനു പിന്നില്‍ ഇല്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
Next Story

RELATED STORIES

Share it