Kerala

നിയമനങ്ങള്‍ ഇനി പിഎസ്‌സിക്ക്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും

നിയമനങ്ങള്‍  ഇനി  പിഎസ്‌സിക്ക്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും
X
psc

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കങ്ങളും തുടങ്ങി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണെന്നും ബോര്‍ഡ് രൂപീകരിച്ചത് അഴിമതിക്കുവേണ്ടിയാണെന്നും അതുകൊണ്ടാണു പിരിച്ചുവിടല്‍ നടപടി ആരംഭിച്ചതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വംബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക്് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നടപടികള്‍ മുന്നോട്ടുപോയില്ല. ഇതേത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങള്‍ക്കായി ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലെയും അനുബന്ധസ്ഥാപനങ്ങളിലെയും നിയമനം പ്രത്യേക ബോര്‍ഡിന് കീഴിലാക്കിയതാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. 2008ല്‍ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ നടത്തുന്നതിനു പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. നിയമനങ്ങളില്‍ അഴിമതിയോ സ്വജനപക്ഷപാതമോ പാടില്ലെന്നും അതൊഴിവാക്കാന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നും ഹൈക്കോടതിയും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ശബരിമലയില്‍ സ്ത്രീകളെ തടയുന്നതു ന്യായമല്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്. എന്നാല്‍, സത്യവാങ്മൂലം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it