Kollam Local

നിയമം ലംഘിച്ച് തടാക തീരത്ത് വന്‍ കെട്ടിടം പണിയുന്നു

ശാസ്താംകോട്ട: തടാക സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി തടാക തീരത്ത് വന്‍ കെട്ടിടം പണിയുന്നു. ശാസ്താംകോട്ട-ഭരണിക്കാവ് റോഡില്‍ ടൗണ്‍ മസ്ജിദിന് സമീപമാണ് കുന്നിടിച്ച് നിരപ്പാക്കിയും തടാകത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച കല്ലുകളില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയും കെട്ടിടം പണിയുന്നത്.

തടാക സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിലെ ചില അംഗങ്ങളുടെയും ഒത്താശയോടെയും റവന്യൂ പഞ്ചായത്ത് അധികൃതരുടെ മൗനസമ്മതത്തോടെയുമാണ് കെട്ടിടം പണി തകൃതിയായി നടക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവിടെ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ പതിയില്ലായെന്ന കണക്ക് കൂട്ടലും നിര്‍മാണത്തിന് പിന്നിലുണ്ട്. തടാകത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് സ്ഥാപിച്ചിട്ടുള്ള കല്ലുകളില്‍ നിന്നും 100മീറ്റര്‍ അകലം പാലിച്ചെ നിര്‍മാണങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കുന്നതിനിടെയാണ് പത്തോ ഇരുപതോ മീറ്റര്‍മാത്രം അകലത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. കൂടാതെ തടാക തീരത്ത് കുന്നുകളിടിച്ച് നിര്‍മാണം നടത്തരുതെന്ന നിയമമുണ്ടെങ്കിലും ഇതും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ബഹുനില കെട്ടിടമാണ് ഇവിടെ പണിയുന്നത്.
എന്നതിനാല്‍ നിര്‍മാണ സമയങ്ങളിലും അതിന് ശേഷവും ഇവിടെ നിന്നുള്ള നിര്‍മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും തടാകത്തില്‍ പതിക്കുവാനും സാധ്യതയുണ്ട്.
താലൂക്ക് ഓഫിസിന് സമീപമടക്കം വ്യാപകമായി ഭൂമി കൈയേറ്റം നടത്തി നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടും ഇതൊക്കെ തടയുവാനുള്ള ശക്തമായ നടപടി ഇല്ലാത്തതിനാല്‍ ഭൂമി കൈയേറ്റവും അനധികൃത കെട്ടിട നിര്‍മാണങ്ങളും തകൃതിയായി നടക്കുകയാണ്.
Next Story

RELATED STORIES

Share it