നിയമം കാറ്റില്‍പ്പറത്തി; ഗെയില്‍ പൈപ്പ് ലൈനിന് മലപ്പുറത്ത് ഭൂമി ഏറ്റെടുത്തു

എം പി വിനോദ്

മലപ്പുറം: നിയമവും ചട്ടങ്ങളും കാറ്റില്‍പ്പറത്തി സ്ഥലമുടമകള്‍പോലും അറിയാതെ മലപ്പുറം ജില്ലയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിനുള്ള ഭൂമി ചതിയിലൂടെ ഗെയില്‍ ഏറ്റെടുത്തു. പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ ആക്റ്റ് 1962 പ്രകാരമുള്ള നിയമങ്ങള്‍ ലംഘിച്ച്, ഹിയറിങ് മാറ്റിവച്ചെന്ന് പത്രവാര്‍ത്ത നല്‍കി, ഹിയറിങ് നടത്താതെ ജനങ്ങളെ കബളിപ്പിച്ചാണ് ഭൂമി ഏറ്റെടുത്തത്. മുമ്പ് കുടിവെള്ളത്തിനുള്ള പൈപ്പ് ലൈനാണെന്നും മറ്റും പറഞ്ഞ് സര്‍വേ നടത്തിയതിന്റെ തുടര്‍ച്ചയായിരുന്നു ഇത്.
പിഎംപി ആക്റ്റിലെ 3(1) വകുപ്പുപ്രകാരം 2011 ജൂണ്‍ 21നാണ് ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനം ഇറക്കി മൂന്നു വര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ വിജ്ഞാപനം അസാധുവാകും. ഭൂമി തിരികെ നല്‍കേണ്ടിയും വരും. മതിയായ സുരക്ഷയൊരുക്കാതെയുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമായതോടെ ഭൂമി ഏറ്റെടുക്കല്‍ മലപ്പുറം ജില്ലയില്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
വിജ്ഞാപനം വന്നാല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ പിഎംപി ആക്റ്റ് 5(1) പ്രകാരം ഭൂമി ഏറ്റെടുക്കുന്നവരുടെ ഹിയറിങ് വിളിച്ചുചേര്‍ക്കണം. എന്നാല്‍, മലപ്പുറത്ത് ഇത്തരത്തില്‍ ഇതുവരെ ഹിയറിങ് നടത്തിയിട്ടില്ല. ഏറ്റവും ഒടുവില്‍ 2014 ഫെബ്രുവരി 11നാണ് ഹിയറിങ് നടത്തുമെന്ന അറിയിപ്പുണ്ടായത്. പിന്നീട് ഈ ഹിയറിങ് മാറ്റിവച്ചതായി കലക്ടര്‍ പത്രക്കുറിപ്പിറക്കി. അതിനാല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കാത്തതിനാല്‍ വിജ്ഞാപനം അസാധുവാകും. എന്നാല്‍, ഗെയില്‍ അതേദിവസം ഹിയറിങ് നടത്തിയതായും ആക്ഷേപങ്ങളുമായി ആരും ഹാജരായില്ലെന്നും കാണിച്ച് കോംപിറ്റന്റ് അതോറിറ്റി കള്ളരേഖയുണ്ടാക്കി പിഎംപി ആക്റ്റ് 6(1) പ്രകാരം ഭൂമി ഏറ്റെടുക്കുകയാണു ചെയ്തത്.
ഏറ്റെടുത്ത ഭൂമിയിലെ മരങ്ങളുടെയും മറ്റും കണക്കെടുത്ത് പഞ്ചനാമ മഹസര്‍ തയ്യാറാക്കി നഷ്ടപരിഹാരം നിര്‍ണയിക്കലാണ് അടുത്ത നടപടി. ഇതിനുവേണ്ടി സര്‍വേ നടത്തുകയാണെന്ന പ്രചാരണവുമായാണ് ഗെയില്‍ അധികൃതര്‍ ഭൂമിയില്‍ കണക്കെടുക്കാനെത്തുന്നത്. മലപ്പുറം പ്രസ്‌ക്ലബില്‍ ഗെയില്‍ പിആര്‍ വിഭാഗം വാര്‍ത്താസമ്മേളനം വിളിച്ച് ഇനി സര്‍വേ നടക്കുകയാണെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെയും കബളിപ്പിച്ചു. പിഎംപി ആക്റ്റ് പ്രകാരം ഭൂമി ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നീട് സര്‍വേ ഇല്ല.
രഹസ്യമായി ഭൂമി ഏറ്റെടുത്തതോടെ വാതക പൈപ്പ് ലൈന്‍ കടന്നുപോവുന്ന കോഡൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ പൈപ്പ് ലൈനിനായി സ്ഥലനിര്‍ണയം നടത്തിയ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണം തടഞ്ഞിരിക്കുകയാണ്. പലര്‍ക്കും പുതിയ വീടുകള്‍ക്ക് നമ്പറിട്ടു നല്‍കുന്നില്ല. കേരളത്തില്‍ 20 മീറ്റര്‍ സ്ഥലമേ ഏറ്റെടുക്കുന്നുള്ളൂ എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഗെയില്‍ 30 മീറ്റര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്ന പൈപ്പ് ലൈനിന് കേരളത്തില്‍ മാത്രം ഇളവനുവദിക്കാനാവില്ല. നഷ്ടപരിഹാരമാവട്ടെ 10 ശതമാനം മാത്രമേ ലഭിക്കൂ. തമിഴ്‌നാടിന്റെ കേസില്‍ സുപ്രിംകോടതി 13 ശതമാനമായി നഷ്ടപരിഹാരം ഉയര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
കേസില്‍ കേരളം കക്ഷിയല്ലാത്തതിനാല്‍ ഇതു കേരളത്തിനു ബാധകമാവില്ല. അതോടെ 30 ശതമാനം നഷ്ടപരിഹാരം എന്ന ഗെയിലിന്റെ പ്രഖ്യാപനവും തട്ടിപ്പായിമാറും. ഇത്തരത്തില്‍ നഷ്ടപരിഹാരം ഉയര്‍ത്തണമെങ്കില്‍ പാര്‍ലമെന്റില്‍ പിഎംപി ആക്റ്റില്‍ ഭേദഗതി കൊണ്ടുവരണം. മലപ്പുറം ജില്ലയില്‍ ഇരുമ്പിളിയം, വളാഞ്ചേരി, എടയൂര്‍, പൊന്‍മള, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, കാവന്നൂര്‍, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലൂടെയും മലപ്പുറം, മഞ്ചേരി നഗരസഭകളിലെ ചില പ്രദേശങ്ങളിലൂടെയുമാണ് നിര്‍ദിഷ്ട പൈപ്പ് ലൈനിനായി 68 കിലോമീറ്റര്‍ നീളത്തില്‍ ഭൂമി ഏറ്റെടുത്തത്. ഇതോടെ ഈ ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയുണ്ടാവില്ല. മണ്ണില്‍ വേരിറങ്ങുന്ന ഒരു കൃഷിയും അനുവദിക്കുകയുമില്ല.
Next Story

RELATED STORIES

Share it