Idukki local

നിയന്ത്രിക്കാന്‍ നടപടിയില്ല; കട്ടപ്പനയില്‍ ഭീതിപരത്തി സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം

കട്ടപ്പന: ടൗണിലും പരിസര പ്രദേശത്തും സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടം ഭീതിപരത്തുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ആളെ എടുക്കുന്നതിനുള്ള ബസുകളുടെ മരണപ്പാച്ചിലാണ് ഇവിടെ. കട്ടപ്പന-കുട്ടിക്കാനം റോഡിലും തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയില്‍ ഇടുക്കി മുതല്‍ കട്ടപ്പന വരെയുള്ള ഭാഗങ്ങളിലും ടൗണിലെ റോഡുകളിലുമാണ് ബസുകള്‍ പായുന്നത്. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെയാണ് ഭൂരിഭാഗം ബസുകളും നിരത്തിലോടുന്നത്. താരതമ്യേന വീതി കുറഞ്ഞ പാതയില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് ദീര്‍ഘദൂര ബസുകള്‍ ചീറിപ്പായുന്നത്.
എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കൊടുംവളവുകള്‍ സംസ്ഥാനപാതയില്‍ ഏറെയാണ്.മാസങ്ങ ള്‍ക്ക് മുമ്പ് മേരികുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അമിത വേഗതയായിരുന്നു അപകടത്തിനു കാരണമായത്. കാമറ ഉപയോഗിച്ച് പരിശോധന ഇവിടങ്ങളില്‍ വിരളമാണ്. മല്‍സരയോട്ടം മൂലം പല സ്‌റ്റോപ്പുകളിലും ബസുകള്‍ നിര്‍ത്താറുമില്ല. വിവിധ സ്ഥലങ്ങളിലേക്കുള്ള ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുവാനും കഴിയുന്നില്ല. യാത്രക്കാരെ ഇറക്കാനായി സ്റ്റോപ്പുകളില്‍ നിന്നു വളരെ ദൂരം മാറിയാണ് ബസ്സുക ള്‍ നിര്‍ത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇതു പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരുമായി തര്‍ക്കത്തിനും കൈയാങ്കളിക്കും ഇടയാക്കുന്നു.
Next Story

RELATED STORIES

Share it