Pathanamthitta local

നിയന്ത്രണംവിട്ട ടിപ്പര്‍ലോറി മതിലിലിടിച്ച് ഡ്രൈവറുടെ പാദം അറ്റു

കോന്നി: നിയന്ത്രണംവിട്ട ടിപ്പര്‍ലോറി മതിലിലിടിച്ച് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. കാല്‍പ്പാദം മുറിഞ്ഞ് മാറിയ നിലയില്‍ സീറ്റില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം അഗ്നിശമന സേന പുറത്തെടുത്തു. ഡ്രൈവര്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ഡം തെക്കേടത്ത് ഷാരോണ്‍(21), സഹായി തൃക്കുന്നപ്പുഴ ലക്ഷ്മിസദനത്തില്‍ ഗോഡ് വിന്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പയ്യനാമണ്‍ അടുകാട് റോഡില്‍ സെന്റ് അന്‍ഡ്രൂസ് മര്‍ത്തോമ്മാപ്പള്ളിക്ക് സമീപം ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു അപകടം. അടുകാടുള്ള പാറമടയില്‍ നിന്നു പാറ കയറ്റി പയ്യനാമണ്ണിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് പള്ളിയുടെ മതിലിലിടിച്ച് മുന്‍ഭാഗം പൂര്‍ണമായും തകരുകയായിരുന്നു.
തകര്‍ന്ന ക്യാബിനില്‍ കുടുങ്ങി വലതുകാലിന്റെ പാദം അറ്റനിലയില്‍ ഷാരോണിനെ ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
കോന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ടിപ്പറിടിച്ച് അതിലുണ്ടായിരുന്ന പാറക്കല്ലുകള്‍ ശക്തിയായി നാലുഭാഗത്തേക്കും ചിതറിവീണു. കല്ലുതെറിച്ച് വീണ് പള്ളിയുടെ സെമിത്തേരിയിലെ കല്ലറകള്‍ക്കും തകരാര്‍ സംഭവിച്ചു. ഈ സമയം റോഡില്‍ മറ്റ് യാത്രക്കാരില്ലാതുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it