നിനവില്‍ നിറവാര്‍ന്ന് ഒരു ചിത്രകാരി

നിനവില്‍ നിറവാര്‍ന്ന് ഒരു ചിത്രകാരി
X

പത്മിനിയുടെ സ്മരണയുണര്‍ത്തിക്കൊണ്ട് മറ്റൊരു മെയ് മാസം കൂടി കടന്നുപോയി. ഒരു ഹ്രസ്വകാല വാഴ്‌വിന്റെ (1940 മെയ് 12-1969 മെയ് 11) ക്ഷീണിച്ച ഓര്‍മ. പക്ഷേ, ഇന്ത്യന്‍ ചിത്രകലയില്‍ അവര്‍ അതിനകംതന്നെ തന്റെ ഇടം അടയാളപ്പെടുത്തിയിരുന്നു. കേരളീയകല എന്നത് സാഹിത്യബദ്ധമായിപ്പോയതിന്റെ പിഴവുമൂലമാണ് നമ്മള്‍ ഫെമിനിസത്തെപ്പറ്റി ചര്‍ച്ച ചെയ്തപ്പോഴൊക്കെയും പത്മിനിച്ചിത്രത്തെ ബോധപൂര്‍വം സ്പര്‍ശിക്കാതെ പോയത്! മാധവിക്കുട്ടിക്കും സാറാജോസഫിനും ഗ്രേസിക്കും മുമ്പേ മറ്റൊരു മാധ്യമത്തില്‍ സഞ്ചരിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്ത പത്മിനിയെ വിസ്മരിച്ചത് കേരളീയരുടെ തുച്ഛമായ ദൃശ്യബോധത്തിന്റെ അടയാളമാണ്.

ചിത്രകല പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടി
പൊന്നാനിക്കടുത്തുള്ള കാടഞ്ചേരിഗ്രാമത്തിലാണ് പത്മിനി ജനിച്ചത്. ദേവസ്സിമാസ്റ്ററുടെയും പിന്നീട് കെ.എം. വാസുദേവന്‍ നമ്പൂതിരിയുടെയും (ആര്‍ട്ടിസ്റ്റ് നമ്പൂതിരി) ശിക്ഷണംമൂലം ആധുനികചിത്രകലയുടെ ചില സാങ്കേതികവശങ്ങള്‍ സ്വായത്തമാക്കാന്‍ സാധിച്ചു. അതിനപ്പുറം പഠിക്കണമെന്ന പത്മിനിയുടെ ആഗ്രഹത്തിന് അമ്മാവന്‍ ടി.കെ. ദിവാകരമേനോന്‍ വളരെ പ്രയത്‌നിക്കേണ്ടിവന്നു. അങ്ങനെയാണ് ടി.കെ. പത്മിനി ചെന്നൈയില്‍ (1961) ചെല്ലുന്നത്. പെണ്ണിന്റെ നടപ്പുസ്വാതന്ത്ര്യത്തിനെന്നല്ല ഇരിപ്പുസ്വാതന്ത്ര്യത്തിനു പോലും കനത്ത വിലക്കുകളുണ്ടായിരുന്ന ഒരു കാലത്താണ് പത്മിനി ജീവിച്ചത്. എന്നാല്‍, അന്നത്തെ സാമൂഹികബോധത്തിന്റെ എതിര്‍ദിശയില്‍ നിന്നുകൊണ്ട്, പ്രഭാവിതയായ ഒരു വ്യക്തി എന്ന നിലയില്‍ ചിന്തിക്കുകയും പ്രതിഭയുടെ തിരയിളക്കമുള്ള ഒരു ചിത്രകാരി എന്ന നിലയില്‍ ജീവിതോന്മാദത്തെ ആവിഷ്‌കരിക്കുകയും ചെയ്ത ആ കാലത്തില്‍നിന്ന് ഇന്നത്തെ കാലത്തെ സ്ത്രീജീവിതത്തിലേക്കു നോക്കുമ്പോഴാണ് പത്മിനി എത്ര വേഗത്തിലാണ് ഇത്രയും ദൂരം താണ്ടിയത് എന്നു തിരിച്ചറിയാന്‍ നമുക്ക് സാധിക്കുക.
ചെന്നൈയിലെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിലെ പഠനം പത്മിനിക്ക് പുതിയൊരു ലോകം തുറന്നുകൊടുത്തു. രവിവര്‍മയില്‍നിന്ന് കേരളീയ ചിത്രകലയെ മറ്റൊരു വിതാനത്തിലെത്തിച്ച കെ.സി.എസ്. പണിക്കര്‍ ആയിരുന്നു പ്രിന്‍സിപ്പല്‍. ഡി.പി. റോയ് ചൗധരിയെപ്പോലുള്ള സമുന്നത അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. അക്കിത്തം നാരായണന്‍, കാനായി കുഞ്ഞിരാമന്‍, കെ.വി. ഹരിദാസന്‍, പി. ഗോപിനാഥ്, സി.എന്‍. കരുണാകരന്‍, കെ. ദാമോദരന്‍, ആദിമൂലം, എന്‍.കെ.പി. മുത്തുക്കോയ തുടങ്ങിയവര്‍ ആ സ്ഥാപനത്തെ ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റിയെടുക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. 1965-ല്‍ പത്മിനിക്ക് പെയിന്റിങില്‍ ഒന്നാം റാങ്കോടെ ഒന്നാം ക്ലാസോടെ ഡിപ്ലോമ ലഭിച്ചു. തന്റെ സഹപാഠിയും അതിനകം തന്നെ ചിത്രകാരനെന്ന നിലയില്‍ വിഖ്യാതനുമായ കെ. ദാമോദരനുമായുള്ള വിവാഹം 1969-ലാണ് നടക്കുന്നത്.


അമൃതാ ഷെര്‍ഗിലും പത്മിനിയും
അക്കാലത്ത് ചെന്നൈയിലുണ്ടായിരുന്ന എം. ഗോവിന്ദനാണ് മലയാളത്തില്‍ നവതരംഗത്തിനുള്ള പശ്ചാത്തലമൊരുക്കിയത്. ചിത്രപാരമ്പര്യത്തിന്റെ വഴിയില്‍ കെ.സി.എസ്, എം.വി. ദേവന്‍, നമ്പൂതിരി, ടി.കെ. പത്മിനി തുടങ്ങിയ ശൃംഖലയും അതിനു സമാന്തരമായി എം. ഗോവിന്ദന്റെ കടാക്ഷവും- കേരളീയ ചിത്രകലയിലുണ്ടാക്കിയ ഭാവുകത്വസ്‌ഫോടനങ്ങളെ നാം തിരിച്ചറിയുന്നത് ഈ ഘട്ടത്തിലാണ്.
പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ ജൂനിയറായിരുന്നു പത്മിനി. കേരളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ചിത്രരചന പഠിക്കാന്‍ ചെന്നൈയിലെത്തുന്നത്. ചിത്രകലാരംഗത്ത് കേരളത്തില്‍നിന്ന് ഒരു സ്ത്രീ ഉയര്‍ന്നുവന്നത് അങ്ങനെയാണ്. പക്ഷേ, ദേശീയതലത്തില്‍ ടി.കെ. പത്മിനി ഇല്ല! അമൃതാ ഷെര്‍ഗിലാണ് പകരം. അമൃതയുടെ സിദ്ധികളെ പ്രണമിച്ചുകൊണ്ടു പറയട്ടെ, അമൃതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വലിയ സംഘം എക്കാലത്തും സജീവമായിരുന്നു. വരച്ചുവരച്ച് പോള്‍ഗോഗിന്റെ മുമ്പില്‍ ആനന്ദലഹരിയില്‍ സ്തബ്ധയായിനില്‍ക്കുന്ന അമൃതാ ഷെര്‍ഗിളിനെയാണ് നാം കാണുന്നതെങ്കില്‍, ഗോഗിനെ സ്വാംശീകരിച്ച് നവീനമായൊരു തലം സൃഷ്ടിക്കുന്നതിലാണ് പത്മിനി ശ്രദ്ധിച്ചത്. (ഒരു ഉത്തരേന്ത്യന്‍ ചിത്രകാരിക്കു/ചിത്രകാരന് കിട്ടുന്ന ശ്രദ്ധ തെന്നിന്ത്യക്കാര്‍ക്ക് ലഭിക്കുന്നില്ല. കലാരംഗത്തെ ഈ മേധാവിത്തത്തെ പൊളിക്കാന്‍വേണ്ടിയാണ് കെ.സി.എസ്. പണിക്കര്‍ തന്റെ ജീവിതത്തിലുടനീളം ശ്രമിച്ചത്.) പത്മിനിയെപ്പോലുള്ളവര്‍ ദേശീയതലത്തില്‍ വരാത്തതിന്റെ ഒരു പ്രധാന കാരണം അവരെല്ലാം ചെന്നൈ സ്‌കൂളിലായിപ്പോയി എന്നതുതന്നെയാണ്!
സ്‌കെച്ചിങില്‍ പത്മിനി അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അക്കാരണത്താലാണ് അവരുടെ ചിത്രങ്ങള്‍ക്ക് ഇത്രമാത്രം ഗഹനത കൈവന്നത്. സ്‌കെച്ച് പോലെയാണ് ആ പെയിന്റിങ്. മിനുക്കിമിനുക്കി പൂര്‍ത്തിയാക്കുന്ന പതിവുശൈലിക്കു പകരം സ്‌കെച്ച് ചെയ്തുചെയ്ത് പെട്ടെന്ന് പെയിന്റിങിലേക്ക് കടക്കുക, പിന്നെ പൊടുന്നനെ അത് പൂര്‍ത്തിയാക്കുക - ഇതാണ് അവരുടെ രീതി. പെയിന്റിങില്‍ നിറം മാറ്റുമ്പോഴാണ് അതിന്റെ സ്വഭാവം മാറുക. പക്ഷേ, പത്മിനിയുടെ നിറവിതാനം ഒറ്റയടിക്കു വന്ന് സ്ഥാപിതമാവുന്നു. സ്‌കെച്ചിങും കളറിങും തമ്മില്‍ വലിയ സമയവ്യത്യാസം ഇല്ല, പത്മിനിയുടെ രചനകളില്‍. ആദ്യത്തേത് ധൈഷണികതലത്തെയും രണ്ടാമത്തേത് വൈകാരികതലത്തെയുമാണ് കാണിക്കുന്നത്. വൈകാരികസ്പര്‍ശമുള്ള ചിത്രഭാഷയായിരുന്നു അത്. വാന്‍ഗോഗിന്റെയൊക്കെ പോലെ.

ഗ്രാമീണ മനുഷ്യര്‍
പുരാണകഥാപാത്രങ്ങളെയോ സംഭവങ്ങളെയോ ചിത്രങ്ങളില്‍ ആവാഹിച്ച് അവയ്ക്ക് മറ്റൊരു ഭാഷ്യം ചമയ്ക്കുന്നതില്‍ പത്മിനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ, ഗ്രാമീണാന്തരീക്ഷത്തില്‍ ഘനീഭവിച്ചുനില്‍ക്കുന്ന വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ചിത്രപശ്ചാത്തലമാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. സന്ന്യാസിമാര്‍ എന്ന ചിത്രം നോക്കുക.

വേദകാലഘട്ടത്തില്‍നിന്ന് ഇറങ്ങിവന്നവരായിട്ടാണ് പൊതുവേ സന്ന്യാസിമാര്‍ ചിത്രങ്ങളില്‍ രൂപമാര്‍ജിക്കുക. പക്ഷേ, പത്മിനിയുടെ സന്ന്യാസിമാര്‍ നാട്ടിന്‍പുറത്തെത്തുന്ന അവധൂതജന്മങ്ങളാണ്. വെളിച്ചത്തെ ഇരുട്ടുകൊണ്ടു വെല്ലുന്ന പത്മിനിച്ചിത്രങ്ങളില്‍ ഇതിനു സമാനമായ ദൃശ്യങ്ങള്‍ സജീവമാണ്. 'മരണം', 'യക്ഷി', 'ശ്മശാനം' തുടങ്ങിയ പേരുകള്‍ വഹിക്കുന്നവയാണ് ചില ചിത്രങ്ങള്‍.

pad3എന്നാല്‍, മരണാഭിമുഖ്യമൊന്നുമല്ല ഇവയുടെ വിഷയങ്ങള്‍ എന്നു പ്രത്യേകം ശ്രദ്ധിക്കുക. മരണാഭിമുഖ്യം പ്രധാന പ്രമേയമായി സാഹിത്യത്തില്‍ കടന്നുവരുന്ന ഒരു കാലയളവിലാണ് ഈ ചിത്രങ്ങള്‍ വന്നത് എന്നത് നമ്മെ സമാന്തരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, ആ മൃത്യുവാഞ്ഛ തികച്ചും നാഗരികമായ പശ്ചാത്തലത്തില്‍നിന്നായിരുന്നു എന്ന വൈരുധ്യം ഇവിടെ പഠിക്കപ്പെടാതെപോയി. ഒരു ഗ്രാമീണമനസ്സില്‍ ഭയം വിതറുന്ന ചിഹ്നങ്ങളായിട്ടാണ് മരണവും ശവവും ശ്മശാനവും യക്ഷിയുമെല്ലാം വരുന്നത്. ഗ്രാമീണജനതയുടെ മനശ്ശാസ്ത്രത്തെ ചിത്രഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത പത്മിനി സ്പര്‍ശിച്ചത് വിശ്വാസബദ്ധമായ ഗ്രാമത്തെയാണ്.

pad4



















പട്ടം പറത്തിയ കുട്ടി
എക്‌സ്പ്രഷനിസത്തിന്റെ ആഴമേറിയ തലങ്ങളാണ് പത്മിനി കലാലോകത്തിനു പരിചയപ്പെടുത്തിയത്. കലാകാരന്റെ
ആത്മനിഷ്ഠഭാവങ്ങളെ വ്യഞ്ജിപ്പിക്കുന്ന രീതിയാണ് എക്‌സ്പ്രഷനിസം. അത് പ്രകൃതിയുടെ വസ്തുനിഷ്ഠഭാവങ്ങളെ പരിഗണിക്കുന്നില്ല. വ്യക്തികേന്ദ്രിതമായ എക്‌സ്പ്രഷനിസത്തില്‍ ആന്തരികസംഘര്‍ഷത്തിന്റെ കവിഞ്ഞൊഴുക്കിനാണ് പ്രാധാന്യം. എക്‌സ്പ്രഷനിസത്തിന്റെ മികച്ച മാതൃക നമുക്ക് പത്മിനിയില്‍നിന്ന് പഠിച്ചു തുടങ്ങാം. വര്‍ണങ്ങളോടുള്ള ആസക്തി മറ്റൊരു തലമാണ്. ചാരനിറത്തോടും കറുപ്പുനിറത്തോടുമുള്ള തന്റെ അഭിവാഞ്ഛ പലകുറി അടയാളപ്പെടുത്തിയ ഈ ചിത്രകാരി പ്രസ്തുത നിറങ്ങളുടെ സാധ്യതയും ശക്തിയും തെളിയിക്കുകയുണ്ടായി. ചിത്രകാരന്റെ/ചിത്രകാരിയുടെ
ആത്മകഥയാണ് ചിത്രം. ഭാഗികമായോ പൂര്‍ണമായോ അവരുടെ ജീവിതമെഴുത്ത് കലയിലൂടെയാവും നിര്‍വഹിക്കപ്പെടുക. പത്മിനിയുടെ ചില ചിത്രങ്ങള്‍ ഈ മനോഭാവത്തെ വ്യഞ്ജിപ്പിക്കുന്നുണ്ടെങ്കിലും പട്ടം പറത്തുന്ന കുട്ടി എന്ന ചിത്രം ഭാവപൂര്‍ണവും വികാരതീവ്രവുമായ ഒരു രചനയാണ്. നിറവിതാനത്തിലും വരകളിലും ഏകതാനത നിഴലിക്കുന്ന രീതി ചിലപ്പോള്‍ കാണാമെങ്കിലും മേല്‍പ്പറഞ്ഞ ചിത്രത്തില്‍ നാം അനുഭവിക്കുന്നത് വേറിട്ടൊരു വര്‍ണപ്രസ്താരമാണ്. തനിക്കു പിറക്കാന്‍ പോവുന്ന പെണ്‍കുഞ്ഞിന് മായ എന്ന പേരു നല്‍കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് ഈ ചിത്രകാരി തന്റെ ഉറ്റവരോടു പറഞ്ഞിട്ടുണ്ടല്ലോ. ഈ ചിത്രത്തെ ചൂഴ്ന്നുനില്‍ക്കുന്ന മായികതയും പത്മിനി കൊതിച്ച ശിശുനാമവും അധികം വൈകാതെ ഗര്‍ഭഛിദ്രത്തില്‍ പത്മിനിയും കുഞ്ഞും അന്തരിക്കുന്നതും തമ്മില്‍ വേദനാപൂര്‍ണമായ ബാന്ധവമുണ്ട്. പട്ടം പറത്തിയ കുട്ടി തന്റെ മാതാവിനെയും ചിറകിലേറ്റിയാണ് ഉയര്‍ന്നുയര്‍ന്നുപോയി അപ്രത്യക്ഷമായത്! ഈ ചിത്രം പത്മിനിയുടെ വിടവാങ്ങല്‍ച്ചിത്രമായിട്ടാണ് പരിണമിച്ചത്. പതിവില്‍നിന്ന് വേറിട്ട്, കടുംനീലയും പ്രസരിപ്പാര്‍ന്ന ചുവപ്പും സാന്ദ്രമാക്കിയ ഈ ചിത്രം താന്‍ മറ്റൊരു വര്‍ണക്കടവിലേക്കു സഞ്ചരിക്കുന്നു എന്നുള്ള കലാകാരിയുടെ പ്രഖ്യാപനമാണ്.

padmini1

ചിത്രകാരന്‍മാര്‍ വിട്ടുകളഞ്ഞത്
കേരളത്തിലെ ഗ്രാമീണജീവിതവും ഭൂപ്രകൃതിയും പ്രധാന മോട്ടീഫുകളാണെങ്കിലും സ്ത്രീ അവയില്‍ എത്രത്തോളമുണ്ട് എന്ന വിപ്ലവകരമായ അന്വേഷണമാണ് പത്മിനിയുടെ ചിത്രങ്ങളില്‍ വേരോടിനില്‍ക്കുന്നത്.

ഭൂപ്രകൃതിയെ മനുഷ്യപ്രകൃതിയോടു ചേര്‍ത്തുവയ്ക്കുന്നവയല്ല, മനുഷ്യന്റെ ഇച്ഛകള്‍ ഭൂപ്രകൃതിയില്‍നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നു കാണിക്കുന്നവയാണ് ആ രചനകള്‍. ലംബവും തിരശ്ചീനവുമായ അവസ്ഥകളില്‍ പ്രകൃതിയും മനുഷ്യരും സ്ഥാനങ്ങള്‍ മാറ്റുന്നുണ്ടിവിടെ. ലളിതമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഗ്രാമീണജീവിതം അത്യന്തം സങ്കീര്‍ണമാണെന്നു തിരിച്ചറിയുന്ന അനുഭവം ആദ്യം രൂപംകൊണ്ടത് പത്മിനിയുടെ ചിത്രങ്ങളിലാണെന്നു പറയേണ്ടിവരും.
രവിവര്‍മയും കെ.സി.എസ്. പണിക്കരും വിട്ടുകളഞ്ഞ സ്ത്രീസ്വത്വത്തിന് തന്റെ കലാവിഷ്‌കാരത്തില്‍ പ്രമുഖസ്ഥാനം നല്‍കേണ്ട ബാധ്യത പത്മിനിക്ക് ഏറ്റെടുക്കേണ്ടിവന്നു. കലാദര്‍ശനത്തിലെ ഒരു പുതിയ സ്ഥലിയാണിത്. പത്മിനിയുടെ പ്രസക്തിയും ഇവിടെയാണ്. ഒരു കലാകാരന്‍/കലാകാരി സ്വയം തിരിച്ചറിയുകയും തന്റെ കാലഘട്ടത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഈ സന്ദര്‍ഭം ഭാരതീയചിത്രകലയില്‍ത്തന്നെ ഉണര്‍വുണ്ടാക്കി. സമൂഹത്തിന്റെ സൗന്ദര്യശാസ്ത്രവിവക്ഷകള്‍ക്കും പ്രത്യയശാസ്ത്രമാപിനികള്‍ക്കും അപ്പുറത്തുനിന്നുകൊണ്ട്, കാലം തന്നിലൂടെ പ്രവഹിക്കുന്നുവെന്നും എന്നാല്‍, ആ കാലത്തെ സമകാലികതയോടു ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കണമെന്നും പത്മിനി ചിന്തിച്ചതിന്റെ വര്‍ണ വ്യാഖ്യാനങ്ങളാണ് അവരുടെ ചിത്രങ്ങള്‍.

അക്കാദമിയുടെ അവഗണന
ഇരുനൂറോളം പെയിന്റിങുകളും മുപ്പതോളം ഡ്രോയിങുകളും കലാലോകത്തിനു നല്‍കിയാണ് ടി.കെ. പത്മിനി വിടപറഞ്ഞത്. പക്ഷേ, അവ സൂക്ഷിക്കുന്നതിലോ പ്രദര്‍ശിപ്പിക്കുന്നതിലോ ലളിതകല അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല.

പത്മിനിയുടെ ചിത്രങ്ങള്‍

പത്മിനിയുടെ ചിത്രങ്ങള്‍ നാടിന്റെ പൊതുസ്വത്താണ്. അതുകൊണ്ടുതന്നെ, ആ ചിത്രങ്ങള്‍ ഇങ്ങനെ നശിക്കുക എന്നു പറഞ്ഞാല്‍ അതു നാടിനുതന്നെ വലിയ നഷ്ടമായിരിക്കും. ഒരു പാരമ്പര്യത്തിന്റെ അപരിഹാര്യമായ നഷ്ടം കൂടിയായിരിക്കും അത്. അതിനെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് കലാ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.
തന്റെ ഇരുപത്തിയൊമ്പതാം വയസ്സിലാണ് ടി.കെ. പത്മിനി അന്തരിച്ചത്. പ്രശസ്തമായ ഒരുപാട് ചിത്രങ്ങള്‍ അവരുടേതായി ഉണ്ട്. മനുഷ്യരൂപങ്ങളില്‍ അഭിരമിക്കുകയും ജീവിതത്തെ തീക്ഷ്ണവര്‍ണങ്ങളില്‍ ആവിഷ്‌കരിക്കുകയും ചെയ്ത ഈ സമുന്നത കലാകാരിയെ വിസ്മരിച്ചുകൊണ്ട് നമ്മുടെ കലാചരിത്രം പൂര്‍ണമാവുകയില്ല.
Next Story

RELATED STORIES

Share it