നിങ്ങള്‍ തനിച്ചല്ല; ലെസ്‌ബോസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ

ഏതന്‍സ്: നിങ്ങള്‍ തനിച്ചല്ലെന്ന് അഭയാര്‍ഥികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലെ അഭയാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ ക്യാംപില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 3000ലധികം പേര്‍ തങ്ങുന്ന മോറിയ ക്യാംപാണ് പാപ്പ സന്ദര്‍ശിച്ചത്.
രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് ഗ്രീക്ക് യാത്രയിലൂടെ സാക്ഷിയായെന്നു പാപ്പ വ്യക്തമാക്കി. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് കഴിഞ്ഞമാസം യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും ധാരണയിലെത്തിയതോടെ ആയിരങ്ങളാണ് ലെസ്‌ബോസില്‍ കുടുങ്ങിക്കിടക്കുന്നത്. സന്ദര്‍ശനം മാനുഷികവും മതപരവും മാത്രമാണെന്നും അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തെ വിമര്‍ശിക്കുന്നതല്ലെന്നും വത്തിക്കാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സഹായം അഭ്യര്‍ഥിക്കുന്ന ബാനറുകളുമേന്തി നിരവധി അഭയാര്‍ഥികളാണ് മോറിയ ക്യാംപില്‍ പോപ്പിനെ സ്വീകരിച്ചത്. അപകടകരമായ രീതിയില്‍ കടല്‍ കടന്ന ഒരുകൂട്ടം യുവാക്കളുമായി പോപ്പ് കൂടിക്കാഴ്ച നടത്തി. 12 അഭയാര്‍ഥികളെ വത്തിക്കാനിലേക്ക് കൂട്ടുമെന്നും പാപ്പ അറിയിച്ചു
കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഈറോനിമോസ് രണ്ടാമനും പോപ്പിനോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it