kozhikode local

നികുതി സ്വീകരിക്കാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് ഭൂനികുതി നിഷേധിച്ചത് ഉടന്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി മലയോര കര്‍ഷക ആക്ഷന്‍ കമ്മറ്റി രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനി, കണ്‍വീനര്‍ ഒ ഡി തോമസ് അറിയിച്ചു.
1.01.1977ന് മുമ്പ് മുതല്‍ കര്‍ഷകര്‍ കൈവശം വച്ച് വരുന്നതും ആധാരം, പട്ടയം, വില്ലേജുകളിലെ ലാന്റ് ഏരിയാ രജിസ്റ്ററില്‍ പേര് റബ്ബര്‍ ബോര്‍ഡ് റീപ്ലാന്റേഷന്‍ തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവരുടേയും ഒരിക്കലെങ്കിലും നികുതി അടച്ചിട്ടുള്ളവരുടേയും ഭൂനികുതി സ്വീകരിക്കും. 16-01-2013 ലെ 73729/എന്‍3 സര്‍ക്കാര്‍ നിര്‍ദേശത്തെ വനം റവന്യൂ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ എതിര്‍ത്തതും നടപ്പാകാതെ വന്നതും ഈ മേഖലകളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ ഉത്തരവിനെതിരുനിന്ന് കര്‍ഷകരെ ദ്രോഹിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വനം റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ സഹകരണത്തോടെ ജോയിന്റ് വെരിഫിക്കേഷന്‍ സര്‍വെ നടത്തി കര്‍ഷകരുടെ രേഖയില്‍ കൂടുതല്‍ സ്ഥലം കൈവശമുണ്ടെങ്കില്‍ അത് സര്‍ക്കാരിന് നിരൂപാധികം വിട്ട് നല്‍കേണ്ടതാണ്.
സര്‍വെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 18-02-2016 ലെ ഉന്നതതലയോഗ തീരുമാനം കാബിനറ്റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, എം കെ രാഘവന്‍ എം പി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, വനം-റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ലാന്റ് റവന്യൂ കമ്മിഷണര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, കൊയിലാണ്ടി തഹസില്‍ദാര്‍, ഡിഎഫ്ഒ, റെയ്ഞ്ച് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും മലയോര കര്‍ഷക ആക്ഷന്‍ കമ്മറ്റി രക്ഷാധികാരിയും താമരശ്ശേരി രൂപത ബിഷപ്പുമായ റെമിജിയൂസ് ഇഞ്ചനാനി, ചാന്‍സിലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടം, ഫാ. മനോജ് പ്ലാക്കൂട്ടം, കര്‍ഷക സമരസമിതി ഭാരവാഹികളായ ഒ ഡി തോമസ്, കാവില്‍ പി മാധവന്‍, അഗസ്റ്റിന്‍ കാരക്കട, പി കെ മുഹമ്മദ്, പോളികാരക്കട, കുര്യന്‍ ചെമ്പനാനി തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it