നികുതിപിരിവില്‍ 20% വളര്‍ച്ച ലക്ഷ്യം

തിരുവനന്തപുരം: നികുതിചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നികുതിവകുപ്പില്‍ അശ്രദ്ധയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല. വാണിജ്യനികുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി.
നികുതിപിരിവില്‍ ഈ സാമ്പത്തികവര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ ഇതു കുറഞ്ഞുവരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. 2011-2012, 2012-2013 വര്‍ഷങ്ങളില്‍ യഥാക്രമം 20 ശതമാനവും 19 ശതമാനവുമായിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തികവര്‍ഷമായപ്പോഴേക്കും ഇത് 12 ശതമാനമായി.
ചെക്‌പോസ്റ്റുകളിലെ അഴിമതിപ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. നികുതിവരുമാനചോര്‍ച്ച തടയുന്നതിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി 'അഴിമതിരഹിത ചെക്‌പോസ്റ്റ് ദൗത്യം' സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കാനായി എല്ലാ ചെക്‌പോസ്റ്റുകളും ആധുനികവല്‍ക്കരിക്കും. ആധുനികവല്‍ക്കരണത്തിനും വിവരശേഖരണത്തിനുമുള്ള സ്വയംനിയന്ത്രിത സംവിധാനത്തിനും നിര്‍വഹണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യ നികുതി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കേസുകള്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി കെട്ടിക്കിടക്കുകയാണ്. ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമായി ഒരുകൂട്ടം കേസുകള്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇവ ഉടന്‍ പൂര്‍ത്തിയാക്കണം. വ്യാപാരികള്‍ക്ക് യാതൊരു പീഡനവുമുണ്ടാവില്ല. പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രോല്‍സാഹിപ്പിക്കും.
എല്ലാ ഉദ്യോഗസ്ഥരുടെയും പ്രകടനം തുടര്‍ച്ചയായി വിലയിരുത്താനും ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും അഡീഷനല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്‍ വാണിജ്യനികുതി കമ്മീഷണറോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it