നികത്ത് ഭൂമി; അപേക്ഷകള്‍ ആര്‍ഡിഒ  പരിഗണിക്കേണ്ടതില്ലെന്ന്

കൊച്ചി: നികത്തു ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി തേടി ആര്‍ഡിഒമാരുടെ മുമ്പാകെയുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നികത്തുഭൂമി ക്രമവത്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പ്രകാരം ജില്ലാ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടതെന്നും ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം കെട്ടിവച്ചാണ് നികത്തുഭൂമി ക്രമവത്കരിക്കാന്‍ നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി വിനിയോഗിക്കാന്‍ അനുമതി തേടി റവന്യൂ അധികൃതര്‍ക്ക് സമര്‍പ്പിച്ച അപേക്ഷകളില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
2008ന് മുമ്പ് നികത്തിയ നെല്‍പാടങ്ങള്‍ മറ്റാവശ്യത്തിന് ഉപയോഗിക്കാന്‍ ഭൂമിയുടെ 25 ശതമാനം ന്യായവില ഈടാക്കി അനുമതി നല്‍കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് നവംബറിലെ പുതിയ ഭേദഗതി.
ഇതിനായി നിശ്ചിത ഫോമില്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുകയാണ് ആദ്യം വേണ്ടത്. അപേക്ഷ ലഭിച്ച് രണ്ടു മാസത്തിനകം കലക്ടര്‍ നടപടി സ്വീകരിക്കണം. നിലം നികത്തുന്നതിന്റെ നിരീക്ഷണ ചുമതലയുള്ള പ്രാദേശികതല കമ്മിറ്റിയുടെ ശുപാര്‍ശയും തേടണം. ഡാറ്റാബാങ്കില്‍ നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ ഭൂമിയുടെ 25 ശതമാനം ന്യായവില ഈടാക്കി മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്നാണ് ചട്ടം. 2008നു മുമ്പ് നികത്തിയ വയലുകളുടെ കാര്യത്തില്‍ നിയമപരമായി റവന്യൂ രേഖകളില്‍ മാറ്റം വരുത്താമെന്നിരിക്കേ ഇനി കേരള ഭൂവിനിയോഗ നിയമത്തിലെ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it