Sports

നാസിര്‍ ഷോ; രണ്ടാം ഏകദിനം ബംഗ്ലാദേശിന്

നാസിര്‍ ഷോ; രണ്ടാം ഏകദിനം ബംഗ്ലാദേശിന്
X
.

nasir hussain

ബംഗളൂരു: പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ കനത്തെ തോല്‍വി. ബംഗ്ലാദേശ് എയ്‌ക്കെതിരേ 65 റണ്‍സിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. നാസിര്‍ ഹുസയ്‌നിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് നിര്‍ണായക ജയം സമ്മാനിച്ചത്. ബാറ്റിങില്‍ സെഞ്ച്വറി നേടുന്നതിനു പുറമേ ബൗളിങില്‍ അഞ്ചു വിക്കറ്റുകള്‍ കടപുഴക്കി നാസിര്‍ ഇന്നലെ ബംഗ്ലാ കടുവകളുടെ ഹീറോയായി.

നാസിറിനു പുറമേ നാലു വിക്കറ്റുകള്‍ വീഴ്ത്തി റൂബെല്‍ ഹുസയ്‌നും ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമാക്കി.ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് 1-1ന് ഇന്ത്യക്കൊപ്പമെത്തുകയും ചെയ്തു. നേരത്തെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 96 റണ്‍സിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നാളെ ബംഗളൂരുവില്‍ നടക്കും. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിനായിരിക്കും പരമ്പര.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും മധ്യനിരയില്‍ നാസിര്‍ (102*) സെഞ്ച്വറിയുമായി കത്തികയറിയത് ബംഗ്ലാദേശിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 252 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 96 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് നാസിറിന്റെ ഇന്നിങ്‌സ്. 45 റണ്‍സെടുത്ത ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി റിഷി ധവാന്‍ മൂന്നും കരണ്‍ ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടിയില്‍ ഒരുഘട്ടത്തില്‍ ഇന്ത്യ അനായാസം വിജയല ക്ഷ്യം മറികടക്കുമെന്നാണ് കരുതിയത്. രണ്ടിന് 119 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് പെട്ടെന്നായിരുന്നു ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച. മലയാളി താരം സഞ്ജു വി സാംസണുള്‍പ്പെടെയുള്ളവര്‍ (പൂജ്യം റണ്‍സ്) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 42.2 ഓവറില്‍ 187 റണ്‍സിലൊതുങ്ങി.

ക്യാപ്റ്റന്‍ ഉന്‍മുക്ത് ചാന്ദ് (56), മനീഷ് പാണ്ഡെ (36), ഗുര്‍കീരത് സിങ് (34) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചത്. 10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാസിര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. നാലു വിക്കറ്റ് നേടിയ റുബെല്‍ ഒമ്പത് ഓവറില്‍ 33 റണ്‍സ് വ ഴങ്ങി. നാസിറാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it