നാഷനല്‍ ഹെറാള്‍ഡ് കേസ്; സോണിയയും രാഹുലും 19ന് ഹാജരാകണം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്ത് അനധികൃതമായി സ്വന്തമാക്കി എന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളോട് ഈ മാസം 19നു നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹരജി തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ഇന്നലെ ഹാജരാകേണ്ടതായിരുന്നു.
മുമ്പ് നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന പ്രതിഭാഗം അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് സിങ്‌വിയുടെ വാദം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എം എം ലൊവ്‌ലീന്‍ അംഗീകരിച്ചു. സോണിയയും രാഹുലും അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറാണെന്ന് സിങ്‌വി കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ല. നേരത്തേ നിശ്ചയിച്ച അനിവാര്യ പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാല്‍ മറ്റൊരു ദിവസം കോടതിയില്‍ ഹാജരാവാമെന്നും സിങ്‌വി അറിയിച്ചു.
19ന് ഉച്ചയ്ക്ക് 3 മണിക്കാണ് വരേണ്ടതെന്നും എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മജിസ്‌ട്രേറ്റ് പ്രതിഭാഗം അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it