നാഷനല്‍ ഹെറാള്‍ഡ് കേസ്: വിശദീകരണവുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പാര്‍ട്ടിക്കും ഗാന്ധി കുടുംബത്തിനുമെതിരേ തുടര്‍ച്ചയായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. യങ് ഇന്ത്യാ ലിമിറ്റഡില്‍നിന്ന് ഗാന്ധികുടുംബത്തിന് യാതൊരു സാമ്പത്തിക ലാഭവുമുണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.
അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് യങ് ഇന്ത്യാ ലിമിറ്റഡ് എന്ന ആരോപണവും പാര്‍ട്ടി നിഷേധിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വായ്പ അനുവദിക്കുന്നതിന് നിയമം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2012ല്‍ ഉത്തരവിറക്കിയതാണ്. ഈ വിഷയത്തില്‍ ബിജെപി നേതാവ് സുബ്രമണ്യന്‍സ്വാമി കോണ്‍ഗ്രസ്സിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ ബെഞ്ച് തള്ളിയിട്ടുണ്ട്- എഐസിസി വെബ്‌സൈറ്റ് വ്യക്തമാക്കി.
സോണിയയോ രാഹുല്‍ഗാന്ധിയോ യങ് ഇന്ത്യയില്‍നിന്ന് സാമ്പത്തിക ആനുകൂല്യം പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ യങ് ഇന്ത്യ കമ്പനി നിയമത്തില്‍ 25ാം ചട്ടപ്രകാരമുള്ള ലാഭരഹിത സ്ഥാപനമാണെന്നും ഡയറക്ടര്‍മാരെന്ന നിലയിലോ ഓഹരിയുടമ എന്ന നിലയിലോ നിയമപ്രകാം പ്രതിഫലം പറ്റാന്‍ പാടില്ലെന്നുമാണ് സൈറ്റില്‍ വിശദീകരിച്ചത്. അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജിഎല്‍) സ്വത്തുക്കള്‍ യങ് ഇന്ത്യക്ക് കൈമാറിയെന്ന കാര്യവും പാര്‍ട്ടി നിഷേധിച്ചു. എജിഎല്ലിന്റെ എല്ലാ ആസ്തികളും വരുമാനങ്ങളും കമ്പനിയുടെ പേരില്‍ തന്നെയാണ്. ഒരു പൈസപോലും യങ് ഇന്ത്യക്കോ അതിന്റെ ഡയറക്ടര്‍മാര്‍ക്കോ ഓഹരി ഉടമകള്‍ക്കോ കൈമാറിയിട്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായിരുന്ന എജിഎല്ലിനെ സഹായിക്കുന്നതിന് പാര്‍ട്ടി പ്രതിബദ്ധമായതുകൊണ്ടാണ് കോണ്‍ഗ്രസ് 90 കോടി വായ്പ അനുവദിച്ചതെന്നും സൈറ്റില്‍ വിശദമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it