നാഷനല്‍ ഹെറാള്‍ഡ് കേസ്; പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്: രാഹുല്‍

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇരുസഭകളിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തിനു തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നലെയും പിന്തുണ നല്‍കി. കേസ് പ്രധാനമന്ത്രിയുടെ ഓഫിസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. എന്നാല്‍, കേസ് പൂര്‍ണമായും രാഷ്ട്രീയ പകപോക്കലാണെന്നു പറഞ്ഞ രാഹുല്‍ ഇതാണു ബിജെയുടെ രാഷ്ട്രീയം എന്നും കുറ്റപ്പെടുത്തി. സത്യം പുറത്തു വരും. കാത്തിരുന്നു കാണാമെന്നും ഇന്നലെ പാര്‍ലമെന്റിനു പുറത്ത് രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശത്തോട് ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വ്യക്തമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍ സംസാരിച്ചു. സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് ഒബ്രിയന്‍ ആരോപിച്ചു. വിഷയത്തില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തില്‍ മുങ്ങിയ രാജ്യസഭയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇന്നലെ സഭ ചേര്‍ന്ന് ഉപാധ്യക്ഷന്‍ ഇരിപ്പിടത്തിലെത്തുന്നതിനു മുമ്പു തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. ഇതിനിടെ പോളാവരം അണക്കെട്ട് വിഷയത്തില്‍ ഒഡീഷയില്‍ നിന്നുള്ള ബിജെഡി എംപിമാരും പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഉച്ചയ്ക്കു മുമ്പു തന്നെ സഭ പല തവണ ചേരുകയും ബഹളത്തില്‍ മുങ്ങി പിരിയുകയും ചെയ്തു. അതിനിടെ പ്രതിഷേധത്തിന്റെ വിശദാംശങ്ങളുമായി കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ സംസാരിച്ചു. കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ജുഡീഷ്യറിയോടല്ല. പ്രതിപക്ഷം ഭയന്നിട്ടുമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഉപയോഗിച്ചു പകപോക്കുന്നതിനെതിരെയാണു പ്രതിഷേധം.
സര്‍ക്കാരിന് ഇരട്ട നീതിയാണെന്ന് ആരോപിച്ച ഖാര്‍ഗെ സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പുള്ളവര്‍ക്കെതിരേ മോദി സര്‍ക്കാര്‍ പകപോക്കുകയാണെന്ന് ആരോപിച്ചു. രാജ്യത്തു രണ്ടു തരം നിയമം ഉണ്ട്. പ്രതിപക്ഷത്തിന് ഒന്നും ഭരണപക്ഷത്തിന് മറ്റൊന്നും. രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരേ കോണ്‍ഗ്രസ് അഴിമതി ആരോപിച്ചപ്പോള്‍ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍, സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പക പോക്കുന്ന തരത്തില്‍ നിയമ നടപടികളെടുക്കുന്നു. ഇതുതന്നെയാണ് തൃണമുല്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികളോടു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസാരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരത്തേ അറസ്റ്റിലായിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നരേന്ദ്ര മോദിക്കെതിരേ പോലിസ് അന്വേഷണം ഉണ്ടായിട്ടുണ്ട്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ഉള്‍പ്പടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്തി കോടതിയെ താക്കീത് ചെയ്യാനുള്ള ശ്രമം ദേശീയ താല്‍പര്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും അദ്ധേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആണെന്നതിനു തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ധൈര്യമില്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി ആരോപിച്ചു. പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനുള്ള ഉപകരണമായി രാഹുല്‍ മാറുന്നു.
കോടതിയാണ് രാഹുലിനും സോണിയക്കുമെതിരേ നടപടിയെടുത്തിരിക്കുന്നത്. ധൈര്യവും സത്യസന്ധതയും ഉണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വന്ന് സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫിസിനും എതിരായി നടത്തിയ പ്രസ്താവനകളില്‍ തെളിവ് നല്‍കുകയാണു വേണ്ടതെന്നും റൂഡി പറഞ്ഞു. കേസ് കോടതിയില്‍ പരിഹരിക്കണമെന്നും സര്‍ക്കാരിനും പാര്‍ലമെന്റിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പ്രതികാര രാഷ്ട്രീയമെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ജുഡീഷ്യറിക്കെതിരായ ഭീഷണിയാണെന്ന് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
Next Story

RELATED STORIES

Share it