നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്: അറുതിയാവുന്നത് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക്

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഏകീകൃത പരീക്ഷ നടത്താനുള്ള സുപ്രിംകോടതി ഉത്തരവ് രാജ്യത്തുടനീളം നിലനില്‍ക്കുന്ന വ്യത്യസ്തമായ രീതികളും സീറ്റ് കൊള്ളയും അവസാനിക്കുന്നതിന് വഴിവെക്കുമെന്ന് പ്രതീക്ഷ.
രാജ്യത്താകമാനം 70,000 എംബിബിഎസ് സീറ്റുകളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ സീറ്റുകളും ഉള്‍പ്പെടും. അതിനാല്‍, സീറ്റുകള്‍ വിറ്റഴിക്കുന്ന പ്രവണതയ്ക്ക് അറുതിവരുത്തി പൂര്‍ണമായും മെറിറ്റിന് പ്രാധാന്യം നല്‍കുന്ന നീക്കമാണ് കോടതി നല്‍കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താനും നീറ്റ് ഫലം പരിഗണിക്കേണ്ടതായി വരുമെന്നതാണ് വിധിയുടെ സവിശേഷത. നിലവില്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മെഡിക്കല്‍ അസോസിയേഷനും പ്രവേശനപരീക്ഷ നടത്തുന്നുണ്ട്. രാജ്യത്ത് ഇത്തരത്തില്‍ വ്യത്യസ്തമായ 90ലേറെ പരീക്ഷകളുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പരിഗണിച്ചാണ് ഏകീകൃത പരീക്ഷ വേണമെന്ന ആവശ്യമുയര്‍ന്നത്. മുമ്പ് 2013ല്‍ നീറ്റ് പരീക്ഷ നടത്തി പിജി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ കോളജുകളും ന്യൂനപക്ഷ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രിംകോടതി തന്നെ നീറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി എംബിബിഎസ്, ബിഡിഎസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. സംസ്ഥാനത്തെ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് പ്രതീക്ഷിച്ചവര്‍ക്ക് അഖിലേന്ത്യാതലത്തില്‍ പിന്നാക്കം പോവുമോയെന്നാണ് ആശങ്ക.
ഏകീകൃതപരീക്ഷ കേരളത്തില്‍ നടത്തുന്നതിന്റെ പ്രായോഗികതയില്‍ ആശങ്കയുണ്ടെന്നായിരുന്നു പ്രവേശനപരീക്ഷാ കമ്മീഷണറുടെ നിലപാട്. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്ന അത്രയും കുട്ടികള്‍ കേന്ദ്രപരീക്ഷയില്‍ യോഗ്യത നേടാനിടയില്ലെന്നും വാദമുയരുന്നുണ്ട്.
കേന്ദ്ര പരീക്ഷയുണ്ടെങ്കില്‍പോലും സംസ്ഥാനത്ത് ആയുര്‍വേദം, ഹോമിയോ, അഗ്രിക്കള്‍ച്ചര്‍ തുടങ്ങി മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും എന്‍ജിനീയറിങ്ങിനുമായി പ്രവേശനപരീക്ഷ നടത്തേണ്ടിവരും.
ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രിംകോടതിയുടെ പഴയവിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃതപരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ പ്രവേശനത്തിന് രാജ്യത്ത് ഏകീകൃത പരീക്ഷ നടത്താനുള്ള സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് പ്രഫഷനല്‍ പരീക്ഷാ മേല്‍നോട്ടസമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജെയിംസ് വ്യക്തമാക്കി. വിദ്യാര്‍ഥി പ്രവേശനം രാജ്യത്തെവിടെയുമുള്ള കോളജുകളില്‍ ഒറ്റപരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ ആശ്രയിച്ച് മാത്രം നടത്തുമ്പോള്‍ മെറിറ്റ് പൂര്‍ണമായും ഉറപ്പിക്കാന്‍ കഴിയും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുമ്പോള്‍ പലപ്പോഴും യോഗ്യതയില്‍ വെള്ളം ചേര്‍ക്കപ്പെടാറുണ്ട്. പ്രവേശനം പൂര്‍ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it