kozhikode local

നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് സ്ഥാപിക്കണം

കോഴിക്കോട്: നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ കോഴിക്കോട്ട് സ്ഥാപിക്കണമെന്നും സ്വകാര്യ, വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്നും എംകെ രാഘവന്‍ എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ സ്വപ്‌ന നഗരിയില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വിഷന്‍ കോണ്‍ക്ലേവ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് നിവേദനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എംപി ആവശ്യമുന്നയിച്ചത്.
നിവേദനം സ്വീകരിച്ച ശേഷം എം.പിയുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി രണ്ടു വിഷയങ്ങളും പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. ആയുര്‍വേദത്തിന്റെ ആഗോളതലത്തിലെ അനൗദ്യോഗിക തലസ്ഥാനമായ ഉത്തര കേരളത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത് ആയുര്‍വേദത്തിന്റെ വളര്‍ച്ചയെ സഹായിക്കും.
ഉത്തരകേരളത്തിന്റെ പ്രത്യേകിച്ച്, കോഴിക്കോടിന്റെ കാലാവസ്ഥയും പരിസ്ഥിതിയും ആയുര്‍വേദത്തിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് തന്നെ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
സ്വകാര്യ, വ്യവസായ മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ ദയനീയാവസ്ഥയും എം.പി ചൂണ്ടിക്കാട്ടി. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടുതരം ശമ്പളമാണ് ലഭിക്കുന്നത്.
കരാര്‍ തൊഴിലാളികള്‍ക്ക് നാമമാത്ര വേതനം ലഭിക്കുമ്പോള്‍ സ്ഥിരം ജോലിക്കാര്‍ക്ക് ഇതിന്റെ ഇരട്ടിയില്‍ അധികമാണ് വേതനം ലഭിക്കുന്നത്. മിനിമം വേതനം തുല്യമാക്കണമെന്ന് രാജ്യത്തെ ട്രേഡ് യൂനിയനുകള്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനമെങ്കിലും കരാര്‍ തൊഴിലാളികള്‍ക്കും ലഭ്യമാവണം. എം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it