നാഷണല്‍ ഹെറാള്‍ഡ്‌കേസ്: സോണിയയും രാഹുലും ജയിലില്‍ പോവേണ്ടി വരുമെന്ന് സ്വാമി; രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സര്‍ക്കാര്‍ ഏജന്‍സികളെ കേന്ദ്രം രാഷ്ടീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. കോണ്‍ഗ്രസ് ഇതിനെ ഭയക്കുന്നില്ലെന്നും ആരെയും പേടിയില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം ലഭിച്ച ശേഷം പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സോണിയ. നീതിക്കു മുന്‍പില്‍ എല്ലാവരും തുല്യരാണ്. സത്യം പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സോണിയ പറഞ്ഞു. കോടതിയോട് ആദരവുണ്ട്. അതിനാലാണ് ഹാജരാവാന്‍ പറഞ്ഞപ്പോള്‍ കോടതിയില്‍ നേരിട്ടെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഞങ്ങള്‍ നിയമത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെ മുന്നിലും കീഴടങ്ങില്ല. സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ്സിന്റെ പോരാട്ടം തുടരും. അതില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ടു പോവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സോണിയക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വ്യക്തമാക്കി. പാര്‍ട്ടിയുടെ ആശയത്തെയോ നിലപാടുകളെയോ പരാജയപ്പെടുത്താന്‍ ബിജെപിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡ് കേസ് കീഴ്‌വഴക്കമില്ലാത്ത രാഷ്ട്രീയ പകപോക്കലാണെന്നും പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി നരേന്ദ്ര മോദിയുടെ മുഖം മൂടിയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരുടെ പ്രതികരണം. മോദി പ്രഭാവത്തെ ഭയമില്ലെന്നും എത്രതന്നെ ആക്രമിക്കപ്പെട്ടാലും കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഒരു പാര്‍ലമെന്റ് അംഗമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ അല്ലാത്ത സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ഡല്‍ഹിയില്‍ ബംഗ്ലാവും നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തെ കോടതി കയറ്റിയതിന് കേന്ദസര്‍ക്കാരിന്റെ പാരിതോഷികമാണ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും നടത്തിയ റെയ്ഡും അരുണാചലില്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയും ഡല്‍ഹി സെക്രട്ടേറിയറ്റിലെ റെയ്ഡും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും അദ്ദഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി പ്രതിപക്ഷമില്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. അതേസമയം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലില്‍ പോവേണ്ടി വരുമെന്ന് ബിജെപി നേതാവും ഹരജിക്കാരനുമായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ജാമ്യം എടുക്കില്ലെന്ന തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്നും ഇരുവരുടെയും ധൈര്യം എവിടെപ്പോയെന്നും സ്വാമി ചോദിച്ചു.
കോണ്‍ഗ്രസ്സിനെയും അഴിമതിയേയും വേര്‍തിരിക്കാനാവില്ലെന്നായിരുന്നു വിഷയത്തില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്നാല്‍ അഴിമതി മുക്ത ഇന്ത്യയെന്നാണ് അര്‍ഥമെന്ന് നഖ്‌വി പറഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാവും കോണ്‍ഗ്രസ് തന്നെയാണ് അഴിമതിയുടെ കാര്യത്തില്‍ മുമ്പില്‍. പാര്‍ലമെന്റ് അംഗങ്ങളല്ലാത്ത പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവും സുരക്ഷയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ ചെലവില്‍ പ്രത്യേക വസതിയില്‍ അര്‍ഹിക്കാത്ത ആനുകൂല്യം അനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it