നാവികസേനാ കപ്പലില്‍ പൊട്ടിത്തെറി: മുങ്ങല്‍ വിദഗ്ധന്റെ കാല്‍ നഷ്ടമായി; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നാവികസേനാ കപ്പലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മുങ്ങല്‍വിദഗ്ധന്റെ കാല്‍ നഷ്ടമായി. രണ്ടു നാവികര്‍ക്ക് പരിക്കേറ്റു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. വിഴിഞ്ഞത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങല്‍വിദഗ്ധര്‍ സഞ്ചരിച്ച ഐഎന്‍എസ് നിരീക്ഷക കപ്പലിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു പൊട്ടിത്തെറി. എന്നാല്‍, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതേക്കുറിച്ച് ഒരു വിവരവും നാവികസേന ഇതുവരെ പുറത്തുവിട്ടിരുന്നില്ല. നാവികസേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
പരിക്കേറ്റവരെ ഉടന്‍തന്നെ തിരുവനന്തപുരത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്നു രാത്രി 12.30 ഓടെ അതേ കപ്പലില്‍ തന്നെ വിഴിഞ്ഞം തീരത്ത് എത്തിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. വിശാഖപട്ടണം ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കപ്പല്‍ വിശാഖപട്ടണത്തു നിന്നും മുംബൈക്ക് പോവുകയായിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ തങ്ങളുടെ ഹെല്‍മറ്റില്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ അവ പൊട്ടിത്തെറിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it