നാളെ വിശ്വാസവോട്ട്

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനു തിരിച്ചടി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് നാളെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സംസ്ഥാനത്തെ ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിശ്വാസവോട്ടെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ വോട്ടുകള്‍ പ്രത്യേകമായായിരിക്കും കണക്കാക്കുക. ഹരജിയിലെ അന്തിമ തീര്‍പ്പിനനുസരിച്ച് വിമതരുടെ വോട്ടിന്റെ സാധുത നിര്‍ണയിക്കും. വിശ്വാസവോട്ടെടുപ്പ് സമയത്ത് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ഡിജിപിക്കും വോട്ടെടുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ സ്പീക്കര്‍ക്കും കോടതി നിര്‍ദേശം നല്‍കി.
നാളെ 11 മണിക്കു തുടങ്ങുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നിരീക്ഷകനായി പങ്കെടുക്കും. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് രജിസ്ട്രാര്‍ ജനറല്‍ ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കും. വിശ്വാസവോട്ടെടുപ്പിന്റെ ഫലം ഉടന്‍ പ്രഖ്യാപിക്കരുതെന്നും അത് മുദ്രവച്ച കവറില്‍ കൈമാറണമെന്നും ഉത്തരവിലുണ്ട്. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം ഞായറാഴ്ചയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിജ്ഞാപനം പുറപ്പെടുവിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും അത് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. കോടതിവിധിയോടെ കോണ്‍ഗ്രസ്സിന്റെ നിലപാട് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് ഹരീഷ് റാവത്തിനു വേണ്ടി കോടതിയില്‍ ഹാജരായ പാര്‍ട്ടി ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 36 അംഗങ്ങളാണുണ്ടായിരുന്നത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറ് എംഎല്‍എമാരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. ഒമ്പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഭരണകക്ഷിയുടെ ഭൂരിപക്ഷം നഷ്ടമാവുകയും 28 എംഎല്‍എമാരുള്ള ബിജെപിക്ക് 37 അംഗങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തന്നെ പിന്തുണയ്ക്കുന്ന 33 എംഎല്‍എമാരുമായി റാവത്ത് ഗവര്‍ണറെ കാണുകയും ചെയ്തു. ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ വിവിധ പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്രത്തിന്റെ നടപടിക്കെതിരേ കഴിഞ്ഞ ദിവസം ഡിഎംകെയും ബിജു ജനതാദളും എഎപിയും രംഗത്തെത്തിയിരുന്നു.
അതിനിടെ, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യഹരജി അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കും. ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് ആര്‍ ഭാനുമതിയും അടങ്ങുന്ന ബെഞ്ചാവും ഹരജി പരിഗണിക്കുക. ജനുവരിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന അരുണാചലിലും ഒരുപറ്റം എംഎല്‍എമാര്‍ ബിജെപിയിലേക്കു കൂറുമാറിയതിനെ തുടര്‍ന്ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സുപ്രിംകോടതി ഇടപെടലുണ്ടായതിനെ തുടര്‍ന്ന് രാഷ്ട്രപതിഭരണം പിന്‍വലിക്കുകയും കോണ്‍ഗ്രസ് നേതാവ് ഖലികോ പുല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
Next Story

RELATED STORIES

Share it