thiruvananthapuram local

നാളെ വിരിയും; കൈരളിയുടെ സര്‍ഗവസന്തം

തിരുവനന്തപുരം: കലാപൂരത്തിനായി അനന്തപുരി ഒരുങ്ങി. കൈരളിയുടെ സര്‍ഗ വസന്തം നാളെ വിരിയും. തലസ്ഥാനത്തിന്റെ സപ്ത രാപ്പകലുകള്‍ ഇനി താള മേള നൃത്ത രാഗ ഇശല്‍ മയമാകും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം വീണ്ടും ഇവിടെയെത്താന്‍ കാത്തിരിക്കുകയായിരുന്നു തലസ്ഥാന വാസികള്‍.
കലയെയും നൃത്തത്തെയും സംഗീതത്തെയും സ്‌നേഹിച്ച സ്വാതി തിരുനാളിന്റെ നാട്ടില്‍ ഇനി നൂപുരധ്വനിയോടൊപ്പം കുമാരിമാരും മോഹിനിമാരും ചുവടുവയ്ക്കും. പുതുമണവാട്ടിയെ മണിയറയിലേക്കാനയിച്ച് തോഴിമാര്‍ മൈലാഞ്ചിക്കൈകള്‍ കൊട്ടിപ്പാടും. കൈവിരലുകളില്‍ കോലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന മാപ്പിള വഴക്കത്തില്‍ സദസ്സ് ഹര്‍ഷാവരവം തീര്‍ക്കും. മോയീന്‍കുട്ടി വൈദ്യരുടേയും പുലിക്കൂട്ടില്‍ ഹൈദരിന്റേയും മിഴിവാര്‍ന്ന ശീലുകള്‍ കൊണ്ട് വേദികളില്‍ പതിനാലാംരാവ് ഉദിക്കും. ജീവന്‍ തുടിക്കുന്ന നാടന്‍കഥകളുമായി നാടോടികള്‍ അനന്തപുരി കറങ്ങും.
നാളെ രാവിലെ 9.30ന് മോഡല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് 11,000ഓളം കലാപ്രതിഭകളുടെ സര്‍ഗ യുദ്ധം ആരംഭിക്കുക.
കേരളത്തിലങ്ങോളം ഇങ്ങോളമുള്ള കൗമാര സര്‍ഗ പ്രതിഭകളെ വരവേല്‍ക്കാന്‍ സംഘാടകര്‍ സര്‍വസന്നാഹവുമായി രംഗത്തുണ്ട്. മല്‍സരാര്‍ഥികള്‍ക്ക് താമസിക്കാന്‍ ഹെല്‍ത്തി സ്റ്റേ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യകരമായ താമസത്തിനായി കലോല്‍സവ അക്കൊമൊഡേഷന്‍ കമ്മിറ്റി, ഐഎംഎ ജില്ലാ ഘടകവുമായി ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പദ്ധതിപ്രകാരം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ് തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നഗരത്തിലെ 13 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ നാലു സ്‌കൂളുകള്‍ കൂടി താമസത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അധികമായെത്തുന്ന കുട്ടികള്‍ക്കു വേണ്ടിയാണ് ഈ സ്‌കൂളുകള്‍. രാത്രികാലങ്ങളില്‍ ആവശ്യമായ വെളിച്ചത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മല്‍സരാര്‍ഥികള്‍ക്ക് വിപുലമായ ഗതാഗത സൗകര്യവും കെഎസ്ആര്‍ടിസിയും റെയില്‍വേയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. സുഗമമായ യാത്ര ഒരുക്കാന്‍ റെയില്‍വേ ഒരു പ്രത്യേക ബോഗി തന്നെയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങിലേക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നും കലോല്‍സവത്തിനെ—ത്തുന്നവര്‍ക്ക് തിരിച്ചുപോവാനുമാണിത്. ഇതോടൊപ്പം ഒരേസമയം മൂവായിരം പേര്‍ക്ക് 12 പന്തലുകളിലായാണ് ഭക്ഷണം ഒരുക്കുന്നത്. തൈക്കാട് പോലിസ് ഗ്രൗണ്ടിലാണ് ഭക്ഷണവിതരണം. അതേസമയം, മേളയുടെ പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയുടെ നിര്‍മാണം ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാക്കി സമര്‍പ്പണം നടത്തും.
Next Story

RELATED STORIES

Share it