ernakulam local

നാളെ വിധിയറിയാം; വോട്ടിങ് മെഷീനുകള്‍ കര്‍ശന സുരക്ഷയില്‍

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിനാരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന ജോലിയിലാണ് ഇപ്പോള്‍ തഹസില്‍ദാര്‍മാരുടെയും വരണാധികാരികളുടെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍. കോതമംഗലം എംഎ കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രം ഇതിനകം സജ്ജമായി. മറ്റ് കേന്ദ്രങ്ങളില്‍ രാത്രിയോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാവും.
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാവും. ഇതിനായുള്ള ക്രമീകരണങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. വോട്ടെടുപ്പിനു ശേഷം അര്‍ധരാത്രിയോടെയാണ് പോളിങ് സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ വിതരണ കേന്ദ്രമായ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികള്‍ സീല്‍ ചെയ്ത് സ്‌ട്രോങ് റൂമിലാക്കുന്ന പ്രവൃത്തികള്‍ ആദ്യം പൂര്‍ത്തിയാക്കിയത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ബാലറ്റ് യൂനിറ്റ്, കണ്‍ട്രോള്‍ യൂനിറ്റ്, രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങളടങ്ങിയ പേപ്പര്‍, വിവിപാറ്റ് യന്ത്രങ്ങള്‍ തുടങ്ങിയവയാണ് സ്‌ട്രോങ് റൂമില്‍ കര്‍ശന സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കേരള പോലിസിന്റെയും കേന്ദ്ര സേനയുടെയും വലിയ സന്നാഹമാണ് ഓരോ കേന്ദ്രത്തിലും സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വരണാധികാരിയുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. എറണാകുളം മഹാരാജാസ് കോളജ്, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ്ആര്‍വി സ്‌കൂള്‍ എന്നിവയാണ് നഗരത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ജില്ലയിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇനിപ്പറയുന്നുവയാണ്.
(74) പെരുമ്പാവൂര്‍-ജിഎച്ച്എസ്എസ് പെരുമ്പാവൂര്‍, (75) അങ്കമാലി-യുസി കോളജ്, (76) ആലുവ-ആലുവ യുസി കോളജ്, (77) കളമശ്ശേരി-ശ്രീനാരായണ എച്ച്എസ് പുല്ലംകുളം, (78) പറവൂര്‍-ശ്രീനാരായണ എച്ച്എസ്, പുല്ലംകുളം, (79) വൈപ്പിന്‍- ടൗണ്‍ഹാള്‍ മട്ടാഞ്ചേരി, (80) കൊച്ചി-ടൗണ്‍ഹാള്‍ മട്ടാഞ്ചേരി, (81) തൃപ്പൂണിത്തുറ- മഹാരാജാസ് കോളജ്, (82) എറണാകുളം- എസ്ആര്‍വിഎച്ച്എസ്, (83) തൃക്കാക്കര- ഗവ.ഗേള്‍സ് യുപി, എറണാകുളം. (84) കുന്നത്തുനാട്- ആശ്രമം എച്ച്എസ്എസ് പെരുമ്പാവൂര്‍, (85) പിറവം-നിര്‍മല ജൂനിയര്‍ സ്‌കൂള്‍ മൂവാറ്റുപുഴ, (86) മുവാറ്റുപുഴ-നിര്‍മല എച്ച്എസ് മൂവാറ്റുപുഴ, (87) കോതമംഗലം-എംഎ കോളജ്.
Next Story

RELATED STORIES

Share it