നാളികേര ഗവേഷണത്തിന് 100 വര്‍ഷം; സിപിസിആര്‍ഐ ശതാബ്ദി 12ന്

അബ്ദുര്‍ റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: രാജ്യത്ത് നാളികേര വികസന ഗവേഷണം ആരംഭിച്ചിട്ട് 100 വര്‍ഷം . 1916ല്‍ ബ്രിട്ടിഷ് സര്‍ക്കാരിനു കീഴില്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാസര്‍കോട് സ്ഥാപിച്ച കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമാണ് (സിപിസിആര്‍ഐ) അതിന്റെ 100 ആണ്ട് പിന്നിടുന്നത്. കാസര്‍കോട്, കായംകുളം എന്നിവിടങ്ങളില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങളും കര്‍ണാടക വിട്ടലില്‍ കവുങ്ങ് ഗവേഷണ കേന്ദ്രവും ഇതിന്റെ ഉപകേന്ദ്രങ്ങളും സംയോജിപ്പിച്ച് 1970ല്‍ സിപിസിആര്‍ഐക്കു രൂപം ന ല്‍കുകയായിരുന്നു.
തെങ്ങ്, കവുങ്ങ്, കൊക്കോ, സുഗന്ധവിളകള്‍, എണ്ണപ്പന, കശുമാവ് തുടങ്ങിയ പ്രധാനപ്പെട്ട തോട്ടവിളകളില്‍ ഗവേഷണം നടത്തുകയായിരുന്നു സിപിസിആര്‍ഐയുടെ ലക്ഷ്യം. പിന്നീട് കശുമാവ്, സുഗന്ധ വ്യഞ്ജന വിളകള്‍, എണ്ണപ്പന എന്നിവയ്ക്കു വേണ്ടി വെവ്വേറെ സ്വതന്ത്രസ്ഥാപനങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാലിലാണ് സിപിസിആര്‍ഐ സ്ഥിതിചെയ്യുന്നത്.
കായംകുളം, വിട്ടല്‍ എന്നിവിടങ്ങളിലായി രണ്ട് പ്രാദേശിക കേന്ദ്രങ്ങളും കിഡു(കര്‍ണാടക), കാഹികുച്ചി (അസം), മൊഹിത് നഗര്‍ (പശ്ചിമബംഗാള്‍), മിനിക്കോയ് (ലക്ഷദ്വീപ്) എന്നിവിടങ്ങളിലായി നാല് ഉപകേന്ദ്രങ്ങളും സിപിസിആര്‍ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സിപിസിആര്‍ഐയിലാണ് ലോകത്തെ തെങ്ങിന്റെ ഏറ്റവും വിപുലമായ ജനിതക ശേഖരം ഉള്ളത്. 132 വിദേശ ഇനങ്ങളും 301 നാടന്‍ ഇനങ്ങളും ഉള്‍പ്പെടെ 433 ഇനങ്ങളാണ് ജനിതക ശേഖരത്തിലുള്ളത്. 164 ഇനങ്ങള്‍ ഉള്‍പ്പെട്ട കവുങ്ങിന്റെ ജനിതക ശേഖരവും 394 ഇനങ്ങളടങ്ങിയ കൊക്കോയുടെ ജനിതക ശേഖരവും സിപിസിആര്‍ഐ പരിപാലിച്ചുവരുന്നു.
തെങ്ങിന്‍തോട്ടത്തില്‍ ജലസേചനത്തിനായി ഓട്ടോമാറ്റിക് ജലസേചന സംവിധാനവും ഗുണമേന്മയുള്ള കൊപ്ര തയ്യാറാക്കുന്നതിന് വിവിധതരം ഡ്രയറുകളും കൊപ്രയിലെ ജലാംശത്തിന്റെ തോതു നിര്‍ണയിക്കുന്നതിനായി കൊപ്ര മോയിസ്ചര്‍ മീറ്ററും തെങ്ങിന്റെ ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കൂ ണ്‍കൃഷി നടത്തുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവിടെ വികസിപ്പിച്ചെടുത്തു. നാളികേര കാമ്പ് ഉപയോഗിച്ച് ചിപ്‌സ് തയ്യാറാക്കുന്നതിനുള്ള സാങ്കേതക വിദ്യക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. സ്‌നോബോള്‍ ഇളനീര്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും വെര്‍ജിന്‍ വെളിച്ചെണ്ണ, കല്‍പരസ (നീര) എന്നിവയുടെ സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അറബിക്കടലിന്റെ തീരത്ത് നൂറോളം ഏക്കര്‍ സ്ഥലത്താണ് സിപിസിആര്‍ഐ സ്ഥിതിചെയ്യുന്നത്. രാജ്യത്തെ നാളികേര ഗവേഷണ രംഗത്തെ മികച്ച സ്ഥാപനമായി കാസര്‍കോട്-മംഗലാപുരം ദേശീയപാതയ്ക്കരികില്‍ സിപിസിആര്‍ഐ നൂറ്റാണ്ടിന്റെ പാരമ്പര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
Next Story

RELATED STORIES

Share it