നാലു സീറ്റ് ലഭിച്ചാല്‍ ജോസഫ് വിഭാഗം നേതാക്കള്‍ എല്‍ഡിഎഫിലേക്കു മടങ്ങിയേക്കും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പുതിയ നീക്കവുമായി ജോസഫ് വിഭാഗം നേതാക്കള്‍. എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തിയതിനു പിന്നാലെ സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പുലഭിച്ചാല്‍ എല്‍ഡിഎഫിലേക്കു ചേക്കേറാനാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളുടെ തീരുമാനം. നാലു സീറ്റെങ്കിലും നല്‍കാന്‍ ഇടതുമുന്നണി തയ്യാറാവുന്ന പക്ഷം ഇക്കൂട്ടര്‍ കേരളാ കോണ്‍ഗ്രസ് വിട്ടേക്കും. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, കെ സി ജോസഫ്, പി സി ജോസഫ് എന്നീ ജോസഫ് വിഭാഗം നേതാക്കളാണ് പുതിയ നീക്കവുമായി രംഗത്തുവന്നത്.
ഇടുക്കി, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, തിരുവനന്തപുരം സീറ്റുകളാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച സീറ്റുകളാണിവ. സ്വന്തം സീറ്റായതിനാല്‍ ഇവ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല. അതിനാല്‍ തന്നെ എല്‍ഡിഎഫ് ഉദാരസമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയും ഈ നേതാക്കള്‍ക്കുണ്ട്. കെ എം മാണിയോട് ആറു സീറ്റാണ് ജോസഫ് വിഭാഗം ചോദിച്ചിരുന്നത്. എന്നാല്‍, നാലു സീറ്റ് എല്‍ഡിഎഫ് തരാന്‍ തയ്യാറായാല്‍ യുഡിഎഫ് വിടാമെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍, യുഡിഎഫ് വിട്ടുവന്നാല്‍ മൂന്ന് സീറ്റുവരെ നല്‍കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചതായാണു സൂചന. ഒരു സീറ്റുകൂടി നേടിയെടുത്ത് എല്‍ഡിഎഫിനൊപ്പം മടങ്ങിവരാനുള്ള ശ്രമമാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ 14 ജന. സെക്രട്ടറിമാരും തങ്ങള്‍ക്കൊപ്പം യുഡിഎഫ് വിടുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോസഫ് വിഭാഗം പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം മുന്നണി വിടില്ല. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്കു പോയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മടങ്ങിയെത്തിയാല്‍ സീറ്റു സംബന്ധിച്ച് അന്തിമ തീരുമാനമാവും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലാക്കാനാണ് നേതാക്കളുടെ തീരുമാനം.
യുഡിഎഫില്‍ പ്രത്യേക ഗ്രൂപ്പായി നില്‍ക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ കെ എം മാണിയുടെ ഇടപെടലിനെ തുടര്‍ന്ന് വിഫലമായിരുന്നു. തുടര്‍ന്ന് ആറു സീറ്റുകള്‍ ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാന്‍ മാണി തയ്യാറായില്ല. കോണ്‍ഗ്രസ്സിന്റെ അക്കൗണ്ടില്‍ അധികസീറ്റ് നേടിയെടുക്കാനായിരുന്നു മാണിയുടെ നിലപാട്.
മാണിക്കൊപ്പം ഇനിയും തുടര്‍ന്നാല്‍ തങ്ങളുടെ രാഷ്ട്രീയഭാവി നശിക്കുമെന്ന തിരിച്ചറിവും തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി വിടുന്നതിനോട് പി ജെ ജോസഫിന് യോജിപ്പില്ലാതെയും വന്നതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ബദല്‍ നീക്കം ആരംഭിച്ചത്.
Next Story

RELATED STORIES

Share it